ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണ സേനയുടെ ജില്ലാ മേധാവിക്കെതിരെ ഗോഹത്യയുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. ഗോരക്ഷ കര്‍ണി സേനയുടെ ബറേലി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ സിങ്ങിനെതിരെയാണ് നടപടി.
വെള്ളിയാഴ്ച രാത്രി പശുക്കടത്തുമായി ബന്ധപ്പെട്ട് 3 പേരെ ഏറ്റുമുട്ടിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
ഭോജിപുരയില്‍ ദേവരാണിയ നദിക്കു സമീപത്തു വച്ച് പശുവിനെ കൊന്ന് ഇറച്ചിയാക്കുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ പൊലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച പൊലീസ് സംഘം മുഹമ്മദ് സയീദ് ഖാന്‍, ദേവേന്ദ്ര കുമാര്‍, അക്രം എന്നിവരെ അറസ്റ്റ് ചെയ്തു.
എന്നാല്‍ രാഹുല്‍ സിങ്ങും മറ്റൊരാളും രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നു പൊലീസ് അറിയിച്ചു. പശുവിനെ കൊല്ലാനുപയോഗിച്ച ഉപകരണങ്ങളും ഒരു ടെംപോ വാനും പൊലീസ് പിടിച്ചെടുത്തു. രാഹുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.