മുസ്ലിം ന്യൂനപക്ഷത്തിനു നേരെ നിരന്തരം ഹിന്ദുത്വ വർഗീയ ആക്രമണങ്ങൾ അരങ്ങേറുന്ന ഉത്തരഖണ്ഡിൽ മുസ്ലിം യുവാവിന്റെ കൊലപാതകത്തിൽ നീതി ചോദിച്ച് കോൺഗ്രസ് സമരരംഗത്തിറങ്ങി. ഗോമാംസം വെച്ചുവെന്നാരോപിച്ച് ജിം നടത്തിപ്പുകാരനായ 22കാരൻ വസീമിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയത്. ഇസ്ലാമോഫോബിയക്ക് ഇരയായി നിരവധിപേർ കൊല്ലപ്പെട്ട ഉത്തരഖണ്ഡിൽ ഹിന്ദുത്വ വോട്ട്ബാങ്കിനെ ഭയന്ന് ഇതുവരെ പാലിച്ചിരുന്ന മൗനം കോൺഗ്രസ് ഇതാദ്യമായി ഭഞ്ജിച്ചു.
വസീം പൊലീസിനെ കണ്ടപ്പോൾ കുളത്തിലേക്ക് എടുത്തുചാടി മുങ്ങി മരിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. വസീം ഗോമാംസവുമായി പോകുകയായിരുന്നു എന്ന സംശയത്തിലാണ് പൊലീസിന്റെ ഗോരക്ഷ വിഭാഗം അദ്ദേഹത്തിന്റെ സ്കൂട്ടറിന് പിന്നാലെ പോയതെന്ന് എഫ്.ഐ.ആറിലുണ്ട്.
അതേസമയം, വസീമിനെ വെടിവെച്ചു വീഴ്ത്തി അതിക്രൂരമായി മർദിച്ച് മൃതപ്രായനാക്കി കുളത്തിലേക്ക് എറിയുകയായിരുന്നുവെന്ന് പറഞ്ഞാണ് 150ഓളം നാട്ടുകാർ പൊലീസ് സംഘത്തെ വളഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നും ദേഹത്ത് പരിക്കുകളൊന്നുമില്ലെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്.
എന്നാൽ, പൊലീസിെന്റ അടിയേറ്റ് വസീമിന്റെ പല്ലുകൾ തകർന്നതായി കുടുംബവും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കാലുകൾ കയർകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ കുളത്തിൽനിന്ന് വസീമിന്റെ മൃതദേഹം എടുത്തതും പൊലീസിന്റെ വാദം ഖണ്ഡിക്കുന്നു. വസീമിനെ രക്ഷിക്കാൻ കുളത്തിലേക്കിറങ്ങിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചാണ് അയാളുടെ മരണം പൊലീസ് ഉറപ്പുവരുത്തിയതെന്നും എം.എൽ.എ ഖാസി നിസാമുദ്ദീൻ പറഞ്ഞു.
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുസ്ലിം യുവാവിന് നീതി ചോദിച്ച് ശനിയാഴ്ച റൂർക്കി കോടതിക്ക് മുമ്പാകെ ഉത്തരഖണ്ഡ് കോൺഗ്രസ് നേതാക്കൾ സമരം നടത്തി. റാവത്തിനൊപ്പം പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ, യു.പി സഹാറൻപുർ ലോക്സഭ എം.പി ഇംറാൻ മസ്ഊദ്, ഉത്തരഖണ്ഡ് പി.സി.സി പ്രസിഡന്റ് കരൺ മഹ്റ, വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന, എം.എൽ.എമാരയ പ്രീതം സിങ്, ഫുർഖാൻ അഹ്മദ്, ഖാസി നിസാമുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട വസീമിന്റെ വീട്ടിലെത്തുകയും ചെയ്തു.
പൊലീസിന്റെ അതിക്രൂരമായ പീഡനത്തിനിരയായ വസീമിന്റെ കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം ആവശ്യപ്പെട്ട് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെയും കണ്ടു. സമരം ആവശ്യമെങ്കിൽ ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്ന് റാവത്ത് പറഞ്ഞു.