ഡല്‍ഹി: ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു.
സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന എഴുപതോളം കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്.
Read Also:രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ ഖാന്‍
കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം പണം കൊണ്ട് സിലിന്‍ഡറുകള്‍ വാങ്ങിയ കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ രീതിയിലുള്ള കയ്യടികയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച് കൊണ്ടിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് കഫീലിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
‘മറ്റ് ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്‍ ഖാന്‍ തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്’ എന്ന്– സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശുപത്രിയിലുണ്ടായിരുന്ന ഗൗരവ് ത്രിപാദി പറഞ്ഞിരിന്നതായി ഡി.എന്‍.എ റിപോര്‍ട്ട് ചെയ്തിരുന്നു.
70 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ വിതരണസംവിധാനം മുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് ആദിത്യനാഥ് സര്‍ക്കാര്‍ രംഗത്തെത്തി. ജപ്പാന്‍ ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് വാദിച്ച സര്‍ക്കാരിന് ഖഫീല്‍ ഖാനേക്കുറിച്ചുള്ള വാര്‍ത്തകള്‍ തിരിച്ചടിയായിരുന്നു.