X

രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ ഖാന്‍

ഖൊരക്പൂര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇനിയും വിട്ടുമാറിയിട്ടില്ല. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 71 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളാണ് അധികൃതരുടേയും ഭരണകൂടത്തിന്റേയും അനാസ്ഥമൂലം പൊലിഞ്ഞ് പോയത്. ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനകം ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ചു എന്ന വാര്‍ത്തയാണ് ആദ്യം ലോകമറിഞ്ഞത്. പിന്നീട് കണക്ക് പരിശോധിച്ചപ്പോള്‍ ഒരാഴ്ച്ചക്കിടെ 63 കുഞ്ഞുങ്ങള്‍ മരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്ന് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് എട്ട് കുട്ടികള്‍ കൂടി അതേ ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ രാജ്യമൊട്ടുക്കും പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുമ്പോഴും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടിനടന്നൊരു ഡോക്ടറുണ്ട് ബി.ആര്‍.ഡി ആശുപത്രിയില്‍, ഡോ.ഖഫില്‍ ഖാന്‍. എത്ര പ്രശംസിച്ചാലും മതിയാവില്ല ഈ ഡോക്ടറുടെ ഇടപെടലിനെ, ഖൊരക്പൂര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ.ഖഫിലിന്റെ മനസാനിധ്യവും മനുഷ്യത്വവും ഇല്ലായിരുന്നെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ മരണ സംഖ്യ എത്രയോ മുകളിലായേനെ.

ആഗസ്റ്റ് 10 വ്യാഴം അര്‍ധരാത്രി, ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജന്‍ പൈപ്പ് ലൈന്‍ ഇന്‍ഡിക്കേറ്റര്‍ അപായ സന്ദേശം മുഴക്കാനാരംഭിച്ചു. ‘ഓക്‌സിജന്‍ തീരാറായിരിക്കുന്നു, ഉടന്‍ സിലിണ്ടറുകള്‍ മാറ്റിവയ്ക്കുക’ എന്നാണ് ആ സന്ദേശത്തിനര്‍ഥം. ഓക്‌സിജന്‍ തീര്‍ന്നാലും എമര്‍ജന്‍സി സിലിണ്ടറുകളുണ്ടെന്ന് ജീവനക്കാര്‍ക്ക് അറിയാം, പക്ഷേ രണ്ടു മണിക്കൂര്‍ നേരത്തേക്ക് മാത്രം. അത് കഴിഞ്ഞാല്‍? എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ഒരു കാര്യം ഡോ. ഖഫീലിന് ഉറപ്പൂണ്ടായിരുന്നു, എന്‍സഫലിറ്റിസ് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന നാല്‍പതോളം കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനില്ലെങ്കില്‍ അസാധ്യമെന്ന്.

ചിലര്‍ ഓക്‌സിജന്‍ വിതരണക്കാരെ വിളിച്ചു, പക്ഷേ അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ചു തീര്‍ക്കാതെ ഓക്‌സിജന്‍ തരില്ലെന്ന് വിതരണക്കാര്‍ പറഞ്ഞതോടെ ആശുപത്രിയില്‍ പരിഭ്രാന്തി പടര്‍ന്നു. പക്ഷേ പരിഭ്രമിച്ച് നില്‍ക്കാന്‍ സമയമില്ലായിരുന്നു, അവശേഷിക്കുന്നത് രണ്ട് മണിക്കൂറാണ്. അത് കഴിഞ്ഞാല്‍ നാല്‍പതോളം കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിക്കും. ഡോ. ഖഫീല്‍ പിന്നെ ചിന്തിച്ചു നിന്നില്ല. രണ്ട് ആശുപത്രി ജീവനക്കാരെ കൂട്ടി തന്റെ കാറില്‍ ഒരു സുഹൃത്തിന്റെ നഴ്‌സിംഗ് ഹോമില്‍ ചെന്ന് മൂന്ന് ഓക്‌സിജന്‍ സിലണ്ടര്‍ കടം വാങ്ങി. അത്യാവശ്യമായി പുറത്ത് പോവുകയാണെന്നും തിരിച്ചു വരുന്നതിനുള്ളില്‍ ഓക്‌സിജന്‍ കുറയുകയാണെങ്കില്‍ ആമ്പു ബാഗ് പമ്പ് ചെയ്ത് കുഞ്ഞുങ്ങളെ ജീവനോടെ നിലനിര്‍ത്തണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഡോക്ടര്‍മാരെയും ജീവനക്കാരെയും വിളിച്ചു കൂട്ടി നിര്‍ദ്ദേശിച്ചായിരുന്നു ഖഫീല്‍ ഖാന്‍ ആശുപത്രി വിട്ടത്.

തിരിച്ചെത്തി മൂന്ന് സിലിണ്ടറുകള്‍ സെന്‍ട്രല്‍ പൈപ്പ്‌ലൈനില്‍ ഘടിപ്പിച്ചെങ്കിലും അരമണിക്കൂര്‍ നേരത്തേക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമെ അതിലുണ്ടായിരുന്നുളളൂ. സമയം അപ്പോള്‍ രാവിലെ ആറ് മണി ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്‍ അപര്യാപ്തത കൊണ്ട് പല കുഞ്ഞുങ്ങളും ശ്വാസംമുട്ടല്‍ പ്രകടിപ്പിച്ചു. ഖാന്‍ വീണ്ടും ആശുപത്രി വിട്ട് നഗരത്തില്‍ അറിയാവുന്ന നഴ്‌സിംഗ് ഹോമുകളെല്ലാം കയറിയിറങ്ങി. പലരെയും ഫോണ്‍ ചെയ്തു, രാത്രി ആയതിനാല്‍ പലരെയും കിട്ടിയില്ല. നാല്‍ ട്രിപ്പുകളിലായി നഗരത്തില്‍ പോകാവുന്നിടത്തൊക്കെ ചെന്ന് ഡോക്ടര്‍ സംഘടിപ്പിച്ചത് 12 സിലിണ്ടറുകളാണ്. അപ്പോഴേക്കും ഫൈസല്‍ബാദിലെ ഒരു ചെറുകിട വിതരണക്കാരന്‍ രൊക്കം പണത്തിന് സിലിണ്ടര്‍ തരാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഖഫീല്‍ ഖാന്‍ തന്റെ എ.ടി.എമ്മില്‍ നിന്ന് 10,000 രൂപ എടുത്ത് നല്‍കി സിലിണ്ടറുകള്‍ വാങ്ങി. സിലിണ്ടര്‍ കൊണ്ടുവന്ന െ്രെഡവറുടെ കൂലിയും വണ്ടിക്കൂലിയും ഖഫീല്‍ ഖാന്‍ തന്നെ നല്‍കി.

‘മറ്റ് ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോഴും ഡോ.ഖഫീല്‍ ഖാന്‍ തന്റെ മനഃസാനിധ്യവും പ്രതീക്ഷയും കൈവിട്ടില്ല. ഡോക്ടറുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് മരണസംഖ്യ ഉയരാതിരുന്നത്’ – സംഭവങ്ങള്‍ക്ക് സാക്ഷിയായി ആശുപത്രിയിലുണ്ടായിരുന്ന ഗൗരവ് ത്രിപാദി പറയുന്നു.

chandrika: