ലക്‌നൗ:ലക്‌നൗ; ഖൊരക്പുര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭിന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചുവെന്നും മൗരി വ്യക്തമാക്കി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെന്നാണ് ആഭിന്തരം ഒവിയാന്‍ ആവശ്യപ്പെട്ടതിന്റെ കാരണമായി പറയുന്നത്.
വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നതായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കുന്നുമുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പിന്നോട്ടുപോകണമെന്നും മൗര്യ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം എന്തു തീരുമാനമെടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ് എന്നും മൗര്യ പറഞ്ഞു.
അതേ സമയം ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്തെത്തി. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയില്‍ ശിവസേന ആരോപിച്ചു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സേന പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേദിന്‍’ ഇതുവരെ സാധാരണക്കാര്‍ക്കു വന്നിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തതില്‍ പതിഷേധം ഉയരുന്നു. എന്തു സംഭവമുണ്ടായാലും സമൂഹമാധ്യമത്തില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചതാണു ചര്‍ച്ചയായത്.
സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂട്ടമരണം ഉണ്ടായിട്ടും
പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.