ലക്‌നൗ: യു.പിയില്‍ ഏറെ നിര്‍ണായകമായ ആറാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. ഗോരഖ്പൂര്‍ സദര്‍, അംബേദ്കര്‍ നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിങ്ങനെ 10 ജില്ലകളിലെ 57 സീറ്റുകളിലാണ് വോട്ടെടുപ്പ്.
ഇതില്‍ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാര്‍ത്ഥികളാണ് രംഗത്തുള്ളത്. 2017 ല്‍ 57 ല്‍ 46 സീറ്റിലും വിജയിച്ചത് ബി. ജെ.പിയായിരുന്നു. 2 സീറ്റില്‍ ബി.ജെ.പി സഖ്യകക്ഷികളായിരുന്ന അപ്‌നാദളും സുഹേല്‍ദേവ് സമാജ്‌വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹി, വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്, സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാന്‍, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍. ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ സദര്‍ ആണ് ഇതില്‍ ശ്രദ്ധേയമായ മണ്ഡലം. കഴിഞ്ഞ 31 വര്‍ഷമായി ബി.ജെ.പിയുടെ കോട്ടയാണ് ഗൊരഖ്പൂര്‍ സദര്‍. ബി.ജെ. പി മുന്‍ ഉപാധ്യക്ഷനായിരുന്ന അന്തരിച്ച ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ ശുഭാവതി ശുക്ലയെയാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടി ആദിത്യനാഥിനെതിരെ രംഗത്തിറക്കിയത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഇവിടെ അങ്കത്തിനുണ്ട്. ബി.എസ്.പിയുടെ ഖ്വാജ ഷംസുദ്ദീന്‍, കോണ്‍ഗ്രസിന്റെ ചേത്‌ന പാണ്ഡെ എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. ഒരുകാലത്ത് ബി.എസ്.പിയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന അംബേദ്കര്‍ നഗറില്‍ നിലവിലെ ബി.എസ്.പി എം.പി റിതേഷ് പാണ്ഡെയാണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ബി.എസ്.പി എം.പി രാകേഷ് പാണ്ഡെയുടെ മകനാണ് റിതേഷ്. രാകേഷ് അടുത്തിടെ എസ്.പിയിലേക്ക് ചേക്കേറിയിരുന്നു.
പാണ്ഡെ കുടുംബത്തിന് ജില്ലയില്‍ ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ രാകേഷിന്റെ എസ്.പി പ്രവേശം മണ്ഡലത്തില്‍ എസ്.പിയെ സഹായിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയില്‍ നിന്നും എസ്.പിയിലെത്തിയ മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ ഫാസിലാനഗറിലും നാളെയാണ് വിധിയെഴുത്ത്. 2008 മുതല്‍ പദ്രൗനയില്‍ നിന്നുള്ള എം.എല്‍.എയാണ് മൗര്യ. ഒ.ബി.സി നേതാവും കേന്ദ്രമന്ത്രിയുമായ ആര്‍.പി. എന്‍ സിങിനെ ബി.ജെ.പി പദ്രൗനയില്‍ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എസ്.പി നേതൃത്വം മൗര്യയെ സുരക്ഷിത സീറ്റായ ഫാസില്‍നഗറിലേക്ക് മാറ്റുകയായിരുന്നു.
മുന്‍ ബി.ജെ.പി മന്ത്രിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവുമായ ഓം പ്രകാശ് രാജ്ഭറിന്റെ സഹൂറാബാദിലും കടുത്ത മത്സരമാണ്. നിലവില്‍ രാജ്ഭറിന്റെ പാര്‍ട്ടി എസ്.പി സഖ്യത്തിനൊപ്പമാണ്. 2017 ല്‍ ബി.ജെ. പിയുമായി സഖ്യത്തില്‍ മത്സരിച്ച പാര്‍ട്ടി നാലിടത്ത് ജയിച്ചിരുന്നു. എസ്.പിയുടെ കോട്ടയായ അസംഗഡും നാളെ വോട്ടിടും.