X

ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡോക്ടറെ സ്വന്തം വസതിയില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിശുമരണം ആസ്പത്രിയില്‍ തുടര്‍ കഥയായിയിരിക്കെയാണ് യോഗി സര്‍ക്കാരിന്റെ പൊലീസ് ബലി പെരുന്നാള്‍ ദിനത്തില്‍ ഡോക്ടറെ  അറസ്റ്റ് ചെയ്തത്.

കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ്പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍. ഓക്സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പോലും പണംകൊടുത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഇതോടെ ഡോക്ടക്കെതിരെ യോഗി സര്‍ക്കാര്‍ നടപടികളുമായി ഇറങ്ങുന്നതാണ് കണ്ടത്.

ശിശുമരണവുമായി ബന്ധപ്പെട്ട് നേരത്തെ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്. ഈദ് ദിനത്തിലെ അറസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞമാസമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആസ്പത്രിയായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 68 കുട്ടികള്‍ മരിച്ചത്. ആസ്പത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്പനി ആസ്പത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശിശു വിഭാഗം മേധാവി കൂടിയായ ഡോ കഫീല്‍ ഖാന്‍ വാങ്ങിയെത്തിക്കുകയായിരുന്നു. എന്നാല്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ഡോ കഫീല്‍ഖാനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടിയാണ് പീന്നീടുണ്ടായത്. സസ്‌പെന്‍ഡ് ചെയ്തതു ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമായി. ദുരന്തവും തുടര്‍ന്നടപടികളും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഔദ്യോഗിക കണക്കനുസരിച്ചു ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആഗസ്തില്‍ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 213 കുട്ടികളും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വര്‍ഷം ആകെ 1250 കുട്ടികള്‍ മരിച്ചെന്നാണ് ആസ്പത്രിക്കണക്ക്.

chandrika: