കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്‍ ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്‍ ഖാന്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവദിക്കാനായാണ് കഫീല്‍ ഖാന്‍ ഇത്തവണ കേരളത്തിലെത്തുന്നത്.
നേരത്തെ ശിശുമരണ കേസില്‍ ജാമ്യം കിട്ടിയ ശേഷം കഫീല്‍ ഖാന്‍ കേരളത്തിലെത്തിയിരുന്നു. പിന്നീട് കോഴിക്കോട് നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.
ആഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫറൂഖ് കോളേജ് സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സംവദിക്കാനാണ് കഫീല്‍ ഖാന്‍ എത്തുന്നത്. ഗോരഖ്പൂര്‍ ഓക്‌സിജന്‍ കൂട്ടക്കൊലയുടെ ഒരു വര്‍ഷം, ആരാണ് ഉത്തരവാദി?’ എന്ന വിഷയത്തിലാണ് ഡോക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക. ഗോരഖ്പൂര്‍ ദുരന്തം കഴിഞ്ഞ് ആഗസ്റ്റ് 10 ന് ഒരു വര്‍ഷം തികയുകയാണ്. അതേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാടി ഇബ്‌നു ഖല്ദൂന്‍ കോളേജില്‍ ‘റിമമ്പറിങ് ഗോരഖ്പൂര്‍ മാസക്കര്‍’ എന്ന പേരില്‍ നടത്തുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയിലും കഫീല്‍ ഖാന്‍ സംസാരിക്കും.