ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഈമാസം മാത്രം 290 കുട്ടികളാണ് മരിച്ചതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.കെ.സിന്റെ വെളിപ്പെടുത്തല്‍. നിയോ നേറ്റല്‍ ഐസിയുവില്‍ 213 ഉം മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് 77 കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1,250 മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സിങ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 42 കുരുന്നുകളാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടെ മരിച്ച കുട്ടികളുടെ മാത്രം എണ്ണം അറുപതിലെത്തി. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നാണ് ഏഴു കുട്ടികള്‍ മരിച്ചതെന്നു പ്രന്‍സിപ്പല്‍ പി.കെ.സിങ് പറഞ്ഞു. അതേസമയം, ബാക്കി കുട്ടികള്‍ മരിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.
അതിനിടെ, ഇവിടെ കനത്ത മഴയും മറ്റ് പ്രശ്‌നങ്ങളും തുടരുന്നതിനാല്‍ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്കു കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്.
ഈമാസമാദ്യം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണു ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.