X

സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രന്‍ സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയെന്നാണ് ആരോപണം.

ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റന്‍് പ്രൊഫസര്‍ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മറ്റി ചാന്‍സലര്‍ക്ക് പരാതി നല്‍കി. പുറത്താക്കുന്നതിന് 2 ദിവസം മുന്‍പ് വൈസ് ചാന്‍സലര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലും പങ്കെടുത്തു. മറ്റെല്ലാ സര്‍വ്വകലാശാലകളും ഓഫ് ലൈന്‍ ഇന്റര്‍വ്യൂ ആയിട്ടും കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍വ്യു ഓണ്‍ലൈനില്‍ തന്നെയാണ്.

പുറത്താക്കിയതിന് ശേഷം വൈസ് ചാന്‍സലര്‍ മറ്റൊരാളെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാക്കി. എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരു ബോര്‍ഡ് തന്നെ ഇന്റര്‍വ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. ജിയോഗ്രാഫി സെലക്ഷന്‍ കമ്മറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്.

ഡോ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി കണ്ണൂര്‍ വിസിയുടെ നിയമനം റദ്ദാക്കിയത്.

ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തില്‍ ഗവര്‍ണര്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പര്‍ദിവാലയായിരുന്നു വിധി പ്രസ്താവിച്ചത്.

 

webdesk13: