ഫെെസല്‍ മാടായി
കണ്ണൂര്‍: ശാസ്ത്ര വളര്‍ച്ചയ്ക്ക് ദിശാവേഗം കുറിക്കും ചന്ദയാന്‍-3യില്‍ സ്ഫുരിക്കും അഭിമാനം. ചന്ദ്രനിറവില്‍ ആഹ്ലാദത്തിലലിഞ്ഞ് നാട്. ലോക ബഹിരാകാശ നേട്ടങ്ങളുടെ ചരിത്രത്തില്‍ അഭിമാനിക്കാവുന്ന മറ്റൊരു തിലകക്കുറിയായി ചന്ദ്രയാന്‍-3 ദൗത്യം പൂര്‍ണ വിജയത്തിലെത്തിയതോടെ ഇങ്ങ് കണ്ണൂരിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. മലബാറിന്റെ സാന്നിധ്യമായി കണ്ണൂരിലും കുടുംബ വേരുള്ള പി.കെ ഗോപിനാഥിലൂടെയെത്തിയത് ജില്ലയ്ക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. കതിരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ‘ഗോകുലം’ വീട്ടില്‍ പി.കെ രുഗ്മിണിയമ്മയുടെയും പരേതനായ വി.പി ഗോവിന്ദൻ നമ്പ്യാരുടെയും മകനാണ് ഗോപിനാഥ്.
ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യസമയത്ത് ഇന്ത്യയുടെ ചാന്ദ്രപേടകം ചന്ദ്രോപരിതലം തൊടുമ്പോള്‍ രാജ്യത്തെ 140 കോടി ജനതയുടെ പ്രതീക്ഷകള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ഗോപിനാഥെന്ന കണ്ണൂരുകാരനിലുടെ ജില്ലയും.
ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐഎസ്ആർഒ സ്ഥിരീകരിച്ച നിമിഷം ആഘോഷതിമര്‍പ്പിലായിരുന്നു കണ്ണൂരും.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 5.45ന് തുടങ്ങി 19 മിനുട്ട് കൊണ്ട് വിജയകരമായൊരു പര്യവസാനം.
ചന്ദ്രയാൻ ദൗത്യസംഘത്തിൽ പെട്ട ഗോപിനാഥിന് കോഴിക്കോടുമായും ബന്ധമുണ്ട്. ഇരിങ്ങണ്ണൂർ സ്വദേശിനി ഡോ.എൻ.കെ ശ്രീജയുടെ ഭർത്താവാണ് പി.കെ ഗോപിനാഥ്. പൊന്ന്യം സെൻട്രൽ എൽപി സ്കൂൾ, കതിരൂർ ഗവ.ഹൈസ്‌കൂൾ, കൂത്തുപറമ്പ് നിർമലഗിരി കോളജ് എന്നിവിടങ്ങളിലാണ് ഗോപിനാഥ് പ്രീഡിഗ്രി വരെ പഠനം പൂർത്തിയാക്കിയത്. കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളജ് ആദ്യ ബാച്ചിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗില്‍ രണ്ടാം റാങ്കോടെ വിജയം. പഠനം കഴിഞ്ഞ ഉടൻ ഐഎസ്‌ആർഒയിൽ ചേരുകയായിരുന്നു. ജോലിചെയ്യുമ്പോൾ തന്നെ എംടെകും പൂർത്തിയാക്കി. ഇരിങ്ങണ്ണൂർ മൂരിപ്പാറ വെസ്റ്റ് എൽപി സ്കൂളിന് സമീപമാണ് ഡോ.ശ്രീജയുടെ വീട്. മക്കൾ: സിദ്ധാർഥ്, പാർവതി. ഇപ്പോള്‍ തിരുവന്തപുരം മുക്കോലയിലാണ് താമസം.