ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദിന്റെ(പ്രാണേഷ് കുമാര്‍) അഛന്‍ ഗോപിനാഥ പിള്ളയുടെ മരണത്തില്‍ ദുരൂഹുതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഗോപിനാഥ പിള്ള ആലപ്പുഴക്കടുത്ത് ദേശീയ പാതയില്‍ വെച്ച് വാഹനപകടത്തില്‍ മരണപ്പെടുന്നത്.
ഗൂജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ തന്റെ മകന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടി നിയമ പോരാട്ടങ്ങളുടെ കനല്‍പഥങ്ങളിലൂടെയായിരുന്നു വാര്‍ദ്ധ്യക്യത്തിലും ഗോപിനാഥ പിള്ളയുടെ ജീവിതം.
മകന്‍ മുസ്ലിമായി മതം മാറിയതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന്
ഗോപിനാഥ പിള്ളയുടെ ജീവിതം. വിശ്വസിച്ചു. നിയപോരാട്ടങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും മകന്റേത് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകമായിരുന്നെന്ന് അദ്ദേഹം തെളിയിച്ചു. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, മുഖ്യമന്ത്രിക്കെതിരെ പ്രവര്‍ത്തിച്ച യുവാക്കളെ ഏറ്റുമുട്ടലിലൂടെ പോലീസ് കീഴടക്കിയ വാര്‍ത്തയും പടവും കണ്ടാണ് ഗോപിനാഥ പിള്ള മകന്‍ ജാവേദ് മരണപ്പെട്ട വാര്‍ത്തയറിയുന്നത്. പിന്നീട് നടന്ന് അന്വേഷണത്തിലൂടെയാണ് അതൊരു കൊലപാതകമായിരുന്നുവെന്ന് തെളിയുന്നത്.
അതേസമയം ഗോപിനാഥ പിള്ളയുടെ മരണത്തിലേക്ക് നയിച്ച് അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങളിലടക്കം പങ്കുവെക്കുന്ന വികാരം. ജസ്റ്റിസ് ലോയയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഗോപിനാഥ പിള്ളയുടെ മരണത്തിലെ ആശങ്ക സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്.
മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന ഡൂള്‍ ന്യൂസില്‍ ഗോപിനാഥ പിള്ളയുമായുള്ള തന്റെ അനുഭവങ്ങള്‍ പങ്കു വെക്കുന്നുണ്ട്.
കെ.കെ. ഷാഹിന
21 വര്‍ഷത്തെ മാധ്യമ ജീവിതത്തിനിടെ എണ്ണിയെടുക്കാനാവത്തത്രയും മനുഷ്യരെ കണ്ടിട്ടുണ്ട്. അഭിമുഖമെടുത്തിട്ടുണ്ട്. പക്ഷേ ഈ മനുഷ്യനെപ്പോലെ എന്നെ ഉലച്ചു കളഞ്ഞവര്‍ മറ്റാരുമില്ല. 2012 ഡിസംബറിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. വിശാലമായ ഒരു റബ്ബര്‍ തോട്ടത്തിനു നടുവിലുള്ള വീട്ടില്‍ മൂത്ത മകന്‍ അരവിന്ദനോടൊപ്പമായിരുന്നു താമസം. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അദ്ദേഹം ഒറ്റക്കായിരുന്നു.
തെരുവില്‍ മകന്റെ ചോരയുണങ്ങും മുമ്പ് അഹമ്മദാബാദിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ദിവസങ്ങളോളം ചോദ്യം ചെയ്യലിന് വിധേയനായി പീഡിപ്പിക്കപ്പെട്ട ഈ മനുഷ്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. ഒരു പകല്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പം താമരക്കുളത്തെ ആ വീട്ടില്‍ ചെലവഴിച്ചാണ് ഐതിഹാസികമായ ആ പോരാട്ട ജീവിതത്തിന്റെ കഥകള്‍ കേട്ടു തീര്‍ത്തത്.
ഇടക്ക് പലപ്പോഴും കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങി, ശ്വാസം നിലച്ചു പോകുമെന്ന് തോന്നിയ നിമിഷങ്ങളില്‍, നമുക്കൊന്ന് നടന്നാലോ എന്ന് ഞാന്‍ സംസാരം മുറിച്ചു. മകനെക്കുറിച്ച് പറയുമ്പോള്‍, മകന്റെ ഭാര്യയെ മോഡിയുടെ പോലീസ് എപ്രകാരമാണ് വേട്ടയാടിയതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു. പക്ഷേ ഒരിക്കല്‍ പോലും കരഞ്ഞില്ല. ശബ്ദം ഇടറിയതുമില്ല. പക്ഷേ ഇടക്ക് സംസാരം നിര്‍ത്തും.
നെഞ്ച് തിരുമ്പും.
അപ്പോഴൊക്കെ ആ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു. വൃദ്ധനായ ആ മനുഷ്യന്‍ ഇപ്പോള്‍ വീണുപോകുമെന്നോര്‍ത്ത് ഞാന്‍ തളര്‍ന്നു. പക്ഷേ അദ്ദേഹം ധീരനായിരുന്നു. കണ്ണ് നിറയാതെ, ശബ്ദമിടറാതെയാണ് അദ്ദേഹം സംസാരിച്ചത്. കെട്ടുകഥയോളം അവിശ്വസനീയമായ ആ ജീവിതം കേട്ട് അധീരയായത്, ഭീരുവായത് ഞാനായിരുന്നു. സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബാബു, ലെന്‍സ് തുടക്കുന്നതായി ഭാവിച്ചും മുറ്റത്തെ ചെടികളുടെ പടമെടുത്തും കണ്ണീരൊളിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടു.
2004 ജൂണ്‍ അഞ്ചിനാണ് ഗോപിനാഥപിള്ള പ്രാണേഷിനെ അവസാനമായി കണ്ടത്. ഭാര്യ സാജിദയും മകന്‍ അഞ്ചു വയസ്സുള്ള അപ്പുവും (അബൂബക്കര്‍ സിദ്ധിക്ക് )ഒന്നിച്ചു പിള്ളയോടൊപ്പം അവധിക്കാലം ചെലവഴിച്ച ശേഷം അന്നാണ് അയാള്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. പൂനെ എത്തുന്നത് വരെ അവര്‍ വിളിച്ചിരുന്നു. പിന്നീട് പ്രാണേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. മൂന്ന് ദിവസത്തേക്ക് ഒരുവിവരവുമില്ലായിരുന്നു.
മൂന്നാം ദിവസം പരിക്ഷീണമായ ശബ്ദത്തില്‍ സാജിദ വിളിച്ചു. ജാവേദ് തിരികെ കേരളത്തിലേക്ക് വന്നോ എന്നറിയാന്‍. അപ്പോഴാണ് പ്രാണേഷിനെ കാണാനില്ലെന്ന് പിള്ളക്ക് മനസ്സിലായത് . സാജിദയെയും മകനെയും ഒരു ബന്ധു വീട്ടിലാക്കിയതിനു ശേഷം കാറിന്റെ ടയര്‍ മാറ്റാനായി അടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്ക് പോയതാണ് പ്രാണേഷ് . പിന്നീടാരും പ്രാണേഷിനെ ജീവനോടെ കണ്ടിട്ടില്ല . (വര്‍ക്ക് ഷോപ്പിന്റെ തൊട്ടടുത്ത് വെച്ച് നാലഞ്ചു പേര്‍ ബലമായി കാറിലേക്ക് കയറി പ്രാണേഷിനെ തട്ടികൊണ്ടു പോകുന്നത് കണ്ടതായി ഈ വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പിന്നീട് പിള്ളയോട് പറഞ്ഞിരുന്നു.)
മകനെ കാണാനില്ലെന്നറിഞ്ഞ്, മുംബൈയിലും പുനയിലുമുള്ള അറിയാവുന്നവരെയെല്ലാം ഗോപിനാഥ പിള്ള വിളിച്ചു നോക്കി. ആര്‍ക്കും ഒരറിവുമില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ്, ജൂണ്‍ 11 ലെ പത്രത്തില്‍ ഗോപിനാഥ പിള്ള മകനെ കണ്ടു. റോഡില്‍, നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിനരികെ നിരത്തി കിടത്തിയിരിക്കുന്ന നാല് മൃതദേഹങ്ങളുടെ ചിത്രം. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട നാല് ഭീകരരെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വാര്‍ത്തയും ചിത്രവും. അതിലൊരാള്‍, മകന്‍ ജാവേദ് എന്ന പ്രാണേഷ് കുമാര്‍. കാഴ്ച്ച മങ്ങി പോകുന്നതിനിടെ ആ കാറും പിള്ള തിരിച്ചറിഞ്ഞു. മകന്‍ പുതുതായി വാങ്ങിയ നീല ഇന്‍ഡിക്ക. അതിലാണ് അവസാനമായി അവര്‍ പിള്ളയുടെ വീട്ടില്‍ നിന്നും യാത്രയായത്.
തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് അതേ പടി പകര്‍ത്തട്ടെ .
‘ആകെ ഒരുതരം മരവിപ്പാണ് തോന്നിയത്. ഞാന്‍ മുറിയില്‍ കയറി വാതിലടച്ചു കിടന്നു. ആരൊക്കെയോ വരികയും പോകുകയും ചെയ്തു. ഞാന്‍ ആരെയും കണ്ടില്ല ,ഒന്നും കേട്ടില്ല. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. വൃദ്ധനായ എനിക്ക് അഹമ്മദാബാദ് വരെ പോയി മകനെ അവസാനമായി ഒന്ന് കാണാനുള്ള ശേഷിയൊന്നുമില്ലായിരുന്നു. കൂടെ വരാനും ആരുമില്ല. ഒരു തീവ്രവാദിയുടെ അച്ഛനെ ആര് സഹായിക്കാനാണ്…’
ആ സന്ദര്‍ഭത്തെ നേരിടാന്‍ ഇരുപത് വര്‍ഷത്തെ എന്റെ പ്രവര്‍ത്തി പരിചയം പോരാതെ വന്നു. എനിക്ക് ആ സംഭാഷണം തുടരാന്‍ വയ്യായിരുന്നു. ‘നമുക്ക് ഒരു ചായ കുടിച്ചാലോ, ഞാന്‍ ചായ ഇടാം’ എന്ന് ഞാന്‍ എണീറ്റ് അടുക്കളയിലേക്ക് നടന്നു. പിള്ള പൊടുന്നനെ വീണ്ടും കര്‍ക്കശക്കാരനായി. ഞാന്‍ ചായ ഇട്ടാല്‍ ശരിയാവില്ല എന്നും ഞാന്‍ പാചകമൊന്നും പഠിച്ചിട്ടുണ്ടാവില്ല എന്നുമായി . ‘അടങ്ങി അവിടെ ഇരുന്നാല്‍ മതി എന്നും ഞാന്‍ തന്നെ ചായ ഉണ്ടാക്കുമെന്നും’ ഇരട്ടി കാര്‍ക്കശ്യം ഞാന്‍ അങ്ങോട്ടും പ്രകടിപ്പിച്ചു.
അടുക്കളയില്‍ കൂടെ വന്നു നിന്ന്, ഞാന്‍ പാല്‍ ഒഴിക്കുന്നതും പഞ്ചസാര ഇടുന്നതും ഒന്നും ശരിയാവുന്നില്ല എന്ന് വിമര്‍ശിച്ചുകൊണ്ടിരുന്നു. കഷ്ടകാലത്തിനു കുറച്ചു ചായ തറയില്‍ തൂവി പോയി . ‘കണ്ടോ, ഇതാണ് പറഞ്ഞത്, കുട്ടിക്ക് ഇതൊന്നുമറിയില്ലെന്ന്, ഇപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ എന്ന് വിജയിച്ച ഭാവം. തറ വൃത്തികേടാക്കിയതിന് ശകാരവും.
എനിക്ക് ചെറിയ സമാധാനം തോന്നി . മകനെ അവസാനമായി കാണാന്‍ കൂട്ട് വരാന്‍ പോലും ആരുമില്ലാത്ത നിസ്സഹായനായ ഒരു വൃദ്ധന്റെ സാമീപ്യം എനിക്ക് താങ്ങാന്‍ വയ്യായിരുന്നു. ഈ കര്‍ക്കശഭാവമാണ് അദ്ദേഹത്തിന് ചേരുന്നത്. അഥവാ കണ്ടു നില്‍ക്കുന്നവര്‍ക്ക് സമാധാനമാവുന്നത് .
ചായയുമായി ഞങ്ങള്‍ പുറത്തേക്ക് നടന്നു. സമൃദ്ധമായ പച്ചപ്പ്. ഒരുചെടിയുടെ ഇലകള്‍ പിഴുത് കയ്യില്‍ തന്നു. ഇതെന്താണെന്ന് പറയാമോ എന്ന് ചോദിച്ചു. നല്ല മണമുള്ള ഒരു ചെടി. അത് ഭസ്മതുളസിയായിരുന്നു. പിള്ള ഗുജറാത്തില്‍ നിന്നും കൊണ്ട് വന്നത്. അഹമ്മദാബാദിലെ പോലീസ് ഹെഡ് ക്വര്‍ട്ടേര്‍ഴ്‌സില്‍ ചോദ്യം ചെയ്യലിനായി മണിക്കൂറുകളോളം ചിലവഴിച്ച ദിവസങ്ങളില്‍ അദ്ദേഹം ആരും കാണാതെ ആ കോമ്പൗണ്ടില്‍ നിന്നും പിഴുതെടുത്ത് കയ്യിലുള്ള പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ചു കടത്തി കൊണ്ട് വന്നതാണ് ഭസ്മ തുളസിയെ. വേറെയും ഉണ്ടായിരുന്നു അങ്ങനെ ചില ചെടികള്‍.
ജോലി തേടി പുനയിലേക്കും ബോംബെയിലേക്കും പോകുന്നതിനു മുന്‍പ് കര്‍ഷകനായിരുന്നു ഗോപിനാഥ പിള്ള.തിരിച്ചെത്തിയതിനു ശേഷവും കൃഷി തന്നെയായിരുന്നു ആഹ്ലാദം. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ നിന്നും ചെടികള്‍ മോഷ്ടിച്ച കഥകള്‍ പറഞ്ഞ് അദ്ദേഹം ഒരു കുട്ടിയെ പോലെ ചിരിച്ചു.
ബാംഗ്ലൂരിലെ പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ ചോദ്യം ചെയ്യപ്പെടാനായി ഞാന്‍ ചിലവഴിച്ച ദിവസങ്ങളാണ് എനിക്കോര്‍മ്മ വന്നത്. ഓരോ പതിനാലു ദിവസം കൂടുമ്പോഴുമുള്ള യാത്രകള്‍, പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ ഒരു ദിവസം മുഴുവന്‍ നീണ്ട കുത്തിയിരിപ്പ്. അതുണ്ടാക്കുന്ന അധമബോധം, അപമാനം.
ഓരോ യാത്രയിലും പുതിയ വാര്‍ത്തകള്‍ എന്തെങ്കിലും കണ്ടെത്താന്‍/ എഴുതാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു . പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരാവുമ്പോള്‍ തികട്ടി വരുന്ന ആത്മനിന്ദയുണ്ടല്ലോ. നമ്മള്‍ വെറും പുഴുക്കളാണ് എന്ന ആ തോന്നലുണ്ടല്ലോ, അതിനെ അതി ജീവിക്കാനായി ഞാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്. അതേ കാരണത്താലാവണം കര്‍ഷകനായ ഗോപിനാഥ പിള്ള പോലീസ് ആസ്ഥാനത്തു നിന്നും ചെടികള്‍ കടത്തി കൊണ്ട് വന്ന് നട്ടു നനച്ചു പരിപാലിച്ചത്. മനുഷ്യരുടെ അതിജീവനശേഷിയെ കുറിച്ചോര്‍ത്ത് അപ്പോഴെനിക്ക് വിസ്മയവും അഭിമാനം തോന്നി .
ജാവേദ് മരിച്ചു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പിള്ളക്ക് അഹമ്മദാബാദില്‍ നിന്നും ഒരു ഫോണ്‍ വന്നു. െ്രെകം ബ്രാഞ്ച് ഡെപ്യുട്ടി കമ്മീഷണറായിരുന്ന ബിഡി വഞ്ചാരയായിരുന്നു വിളിച്ചത്. പ്രാണേഷ് കുമാറിന്റെ മൃതദേഹം പിള്ള ഏറ്റു വാങ്ങി ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണം എന്നായിരുന്നു വ്യാജ ഏറ്റുമുട്ടലിന്റെ സൂത്രധാരന്മാരില്‍ ഒരാളായ വഞ്ചാര ആവശ്യപ്പെട്ടത്. ഭാര്യ സാജിദക്ക് മൃതദേഹം വിട്ടു കൊടുത്തു ഇസ്‌ലാമിക വിശ്വാസപ്രകാരം അടക്കം ചെയ്യാന്‍ അച്ഛനായ പിള്ള അനുവദിക്കരുത് എന്നയാള്‍ ആവശ്യപ്പെട്ടു.
അത് സാധ്യമല്ല എന്ന് പിള്ള അറിയിച്ചു. അവന്‍ ജനിച്ചത് ഹിന്ദുവായിട്ടല്ലേ എന്നായിരുന്നു മറു ചോദ്യം. പക്ഷേ മരിച്ചത് മുസ്‌ലീമായിട്ടാണ് എന്നും അവന്റെ മൃതദേഹം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണമായ അവകാശം അവന്റെ ഭാര്യക്കാണെന്നും പിള്ള പറഞ്ഞു.
കൃഷിയില്‍ നിന്നുള്ള വരുമാനം തികയാതെ വന്നപ്പോഴാണ് ഗോപിനാഥ പിള്ള പൂനയിലേക്ക് വണ്ടി കയറിയത്. അവിടെ ഒരു കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി കിട്ടി. അന്ന് പ്രാണേഷ് കുമാര്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ്. പഠിത്തത്തില്‍ വലിയ താത്പര്യമൊന്നുമില്ലാത്ത, ക്രിക്കറ്റ് കളിയും രാവേറെ ചെല്ലുവോളമുള്ള മീന്‍പിടിത്തവുമൊക്കെയായി സദാ സമയവും കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്ന ഒരു കുട്ടിയായിരുന്നു പ്രാണേഷ് എന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു.
ഫോട്ടോ: ഇമ ബാബു
അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ ,പിന്നീട് പ്രാണേഷിനെ അപ്രന്റീഷിപ്പിനായി ചേര്‍ത്തു. അവിടെ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് ഗോപിനാഥ പിള്ള നാട്ടിലേക്ക് മടങ്ങി. അച്ഛനില്ലാതെ അവിടെ തുടരാന്‍ വയ്യെന്ന് പറഞ്ഞ് പ്രാണേഷും വൈകാതെ നാട്ടിലേക്കു പോന്നു. പിന്നീട് മുംബൈയിലുള്ള ഒരു സുഹൃത്ത് പ്രാണേഷിന് അവിടെ ഒരു ജോലി ശരിയാക്കി. പക്ഷേ മുംബൈയിലേക്ക് പോകാന്‍ പ്രാണേഷിന് ഒട്ടും താല്പര്യമില്ലായിരുന്നു. നിര്‍ബന്ധിച്ചാണ് പറഞ്ഞയച്ചത് എന്നതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു. നാട്ടില്‍ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ മകന്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന് അദ്ദേഹം കരുതിയിരിക്കണം.
കാര്യങ്ങള്‍ പിന്നീടാണ് മാറി മറിഞ്ഞത്. പ്രാണേഷിനു വീടുമായുള്ള ബന്ധം ക്രമേണ ഇല്ലാതായി. ഫോണ്‍ വിളികള്‍ കുറഞ്ഞു. ഇതിനിടെ പ്രാണേഷിന്റെ’അമ്മ ക്യാന്‍സര്‍ ബാധിച്ചു കിടപ്പിലായി. മകനെ തിരക്കി ഗോപിനാഥ പിള്ള മുംബൈയിലേക്ക് വണ്ടി കയറി. അവിടെയുള്ള പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കണ്ടു.
പ്രാണേഷ് ഒരു മുസ്‌ലിം പെണ്‍കുട്ടിയെ പ്രണയിച്ചുവിവാഹം കഴിച്ചെന്നും അക്കാര്യം അച്ഛനെ അറിയിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് മകന്‍ വീട്ടിലേക്കു വരാത്തതെന്നും അറിഞ്ഞു. കര്‍ക്കശക്കാരനായ ഒരു അച്ഛനായിരുന്നിരിക്കും ഗോപിനാഥ പിള്ള. മകനെ മോഡിയുടെ പോലീസ് കൊന്നു തള്ളിയതിന്റെ ചോര കിനിയുന്ന കഥ പറയുമ്പോഴും കണ്ണ് നിറയില്ലെന്ന, ശബ്ദമിടറില്ലെന്ന ആ കാര്‍ക്കശ്യം. മകനെ തീവ്രവാദിയാക്കി മുദ്ര കുത്തികൊന്നു കളഞ്ഞവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്ന നിശ്ചയ ദാര്‍ഢ്യം. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്ന ദൃഢനിശ്ചയം. അങ്ങനെയൊരാള്‍ മക്കളോടും കര്‍ക്കശക്കാരനായിരുന്നിരിക്കും .
അമ്മക്ക് സുഖമില്ലെന്നറിഞ്ഞ ജാവേദ് നാട്ടിലെത്തി. ജാവേദ് വിവാഹം കഴിച്ച സാജിദയെ ഗോപിനാഥപിള്ളക്കും ഭാര്യക്കും കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. പൂനയില്‍ അയല്‍ക്കാരായിരുന്നു അവര്‍. അവളുടെ മാതാപിതാക്കളും പിള്ളയും കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു. സാജിദയെയാണ് മകന്‍ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോള്‍ പിള്ളയുടെ ഭാര്യ അവരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ ജാവേദ് അവരെ കൂട്ടിക്കൊണ്ടുവന്നു. പിള്ള റെയില്‍വേ സ്‌റ്റേഷനില്‍ പോയി അവരെ സ്വീകരിച്ചു.
ആ കൂടികാഴ്ചയെ കുറിച്ച് പിള്ള പറഞ്ഞതിങ്ങനെ: ‘ഞങ്ങള്‍ പൂനയില്‍ നിന്നും പോരുമ്പോള്‍ അവള്‍ ഒമ്പതാം ക്‌ളാസ്സില്‍ പഠിക്കുകയായിരുന്നു. മുതിര്‍ന്ന കുട്ടിയായതിനു ശേഷം അന്നാണ് കാണുന്നത്. അവള്‍ പര്‍ദ്ദയാണ് ധരിച്ചിരുന്നത്. എനിക്ക് മുഖം തരാതെ അവള്‍ പരുങ്ങി നിന്നു. അധികമൊന്നും സംസാരിച്ചില്ല. വീട്ടില്‍ ചെന്ന് കുളിച്ചു വേഷം മാറി എത്രയും വേഗം ആശുപത്രിയിലേക്ക് പോണമെന്ന് മാത്രം ആവശ്യപ്പെട്ടു.
അന്ന് ആശുപത്രിയില്‍ എത്തിയ സാജിദ ഒരാഴ്ച എന്റെ ഭാര്യയുടെ കിടക്കക്കരികില്‍ നിന്ന് മാറിയിട്ടില്ല. മുഴുവന്‍ സമയവും അവിടെ നിന്ന് അവള്‍ അമ്മയെ പരിചരിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കുറേ ഭക്ഷണം വിളമ്പി കൊടുത്തിട്ടുള്ളതല്ലേ, ആ ഓര്‍മ കൊണ്ടാവണം അത് ..’
പിന്നീട് അവര്‍ അവധി കിട്ടുമ്പോഴെല്ലാം വന്നു. എന്റെ കൊച്ചു മോനെ ഞാന്‍ അപ്പു എന്നാണ് വിളിച്ചിരുന്നത്. അവര്‍ അബൂബക്കര്‍ സിദ്ധിഖ് എന്നും. എന്റെ മോനെ ഞാന്‍ പ്രാണേഷ് എന്നാണു വിളിച്ചിരുന്നത്. സാജിദ അവനെ ജാവേദ് എന്നും വിളിച്ചു. എന്താണ് വ്യത്യാസം ? വ്യകതികളൊന്നും മാറുന്നില്ലല്ലോ. പേരുകള്‍ എന്തായാലെന്ത് ?..’
രണ്ടു മാസത്തിനു ശേഷം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗോപിനാഥ പിള്ളക്ക് നോട്ടീസ്. അഹമ്മദാബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് നോട്ടീസ്. ആഗസ്റ്റ് ഒമ്പതിനു ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പോകാന്‍ ഭയമായിരുന്നുവെന്ന് പിള്ള പറഞ്ഞു. കൂടെ വരാനും ആരുമില്ല. അഹമ്മദാബാദില്‍ അതിന് മുന്‍പ് പോയിട്ടേയില്ല.
മുംബൈയിലുള്ള ഒരു സുഹൃത്ത് അഭിഭാഷകനായ മുകുള്‍ സിന്‍ഹയെ പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹമാണ് പിന്നീട് പിള്ളക്ക് വേണ്ടി കേസ് നടത്തിയത്. കോടതി നടപടികള്‍ പെട്ടെന്ന് കഴിഞ്ഞു. ഹിന്ദിയില്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. നിങ്ങളുടെ മകന്‍ തീവ്രവാദിയല്ല എന്ന് തെളിയിക്കാന്‍ പര്യാപ്തമായ രേഖകള്‍ എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യമെന്ന് പിള്ള ഓര്‍ക്കുന്നു. ‘ഒരാള്‍ ഭീകരവാദിയല്ല എന്നതിന് എന്ത് രേഖയാണ് ഹാജരാക്കേണ്ടത്? ഭീകരവാദിയാണ് എങ്കില്‍ അതിനല്ലേ എന്തെങ്കിലും രേഖാമൂലമായ തെളിവുണ്ടാവുക? ‘ പിള്ളയുടെ സംശയത്തിന് ഞാന്‍ എന്ത് ഉത്തരം പറയാനാണ്!
അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസിലെ വ്യാജ സാക്ഷികളുടെ അഭിമുഖമെടുത്ത് മടങ്ങുമ്പോള്‍ സമാനമായ ചോദ്യം ഞാനും നേരിട്ടിരുന്നു. മടിക്കേരിയിലെ ഒരു പോലീസ് ഓഫീസര്‍ ഫോണില്‍ വിളിച്ചു ഇതേ ചോദ്യം എന്നോടും ചോദിച്ചിരുന്നു. ‘ഇവിടത്തെ നാട്ടുകാര്‍ പറയുന്നത് നിങ്ങള്‍ ടെററിസ്റ്റ് ആണ് എന്നാണ്. അത് ശരിയാണോ’ എന്നാണു അയാള്‍ എന്നോട് ചോദിച്ചത്. രണ്ടു ദിവസം കൂടി പിള്ള അഹമ്മദാബാദില്‍ തങ്ങി. ഈ ദിവസങ്ങളില്‍ ഒന്നും അദ്ദേഹത്തിന് കേസ് നടത്തണമെന്നോ മകന്റെ നിരപരാധിത്വം തെളിയിക്കണമെന്നോ ആഗ്രഹമുണ്ടായിരുന്നില്ല. വല്ല വിധേനയും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്നേ ഉണ്ടായിരുന്നുള്ളൂ. രോഗവും വാര്‍ദ്ധക്യവും അലട്ടുന്ന, സഹായിക്കാനാരുമില്ലാത്ത ഒരു മനുഷ്യന് എന്ത് ചെയ്യാനാവും.
അഹമ്മദാബാദിലെത്തി മൂന്നാം ദിവസം ഒരാള്‍ ഗോപിനാഥ പിള്ളയെ കാണാന്‍ വന്നു. ആ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. മോദിയും കൂട്ടരും അതി നീചമായി ആസൂത്രണം ചെയ്ത അരുംകൊലയായിരുന്നു അതെന്ന് ലോകത്തിനു ബോധ്യപ്പെടാന്‍ ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം ആ കൂടിക്കാഴ്ചയായിരുന്നു. അഹമ്മദാബാദിലെ ഒരു പോലീസുകാരനായിരുന്നു അയാള്‍. ഗോപിനാഥപിള്ളയുടെ വാക്കുകള്‍: ‘അയാള്‍ രഹസ്യമായി എന്നെ അവിടെ ഒരു മുസ്ലിം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. പോകുന്ന വഴി കുറച്ചു പൂക്കള്‍ വാങ്ങി അയാള്‍ എനിക്ക് തന്നു. അവിടെ പ്രാണേഷിന്റെ ഖബര്‍ എനിക്കയാള്‍ കാട്ടിത്തന്നു. എനിക്ക് പ്രാര്‍ത്ഥിക്കാനായാണ് അയാള്‍ പൂക്കള്‍ വാങ്ങി തന്നത്. എന്നോട് എന്റെ വിശ്വാസപ്രകാരം അവന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അയാള്‍ പറഞ്ഞു. അയാളും ഉര്‍ദുവില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചിരുന്നു. നാല് പേരെയും പലയിടങ്ങളില്‍ നിന്നായി പിടിച്ചു കൊണ്ട് പോയി വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നും എന്‍കൗണ്ടര്‍ ഒരു പുകമറ മാത്രമാണെന്നും അയാള്‍ എന്നോട് പറഞ്ഞു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, അയാളുടെ പേര് എനിക്ക് നിങ്ങളോട് വെളിപ്പെടുത്താന്‍ കഴിയില്ല. അതയാളുടെ സുരക്ഷയെ ബാധിക്കും. പക്ഷേ ഒന്ന് ഞാന്‍ പറയാം, അയാളൊരു മുസ്ലീമായിരുന്നു ‘ നട്ടെല്ലില്‍ നിന്ന് മരവിപ്പ് പടര്‍ന്ന് ഞാനങ്ങനെ കേട്ടിരുന്നു. അജ്ഞാതരായ എത്രയോ മനുഷ്യരുടെ മുറിവുകളാണ് എനിക്കുള്ള നീതിയായി എന്റെ മുന്നിലെത്തുന്നത് എന്നോര്‍ത്ത് ഞാന്‍ ഭയന്നു.
അവിടന്നങ്ങോട്ട് ഗോപിനാഥപിള്ള വിശ്രമിച്ചിട്ടില്ല. കഴിയാവുന്നത്ര പേരെ കണ്ടു. കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചു. ‘ഗുജറാത്തിലേക്കുള്ള ഓരോ യാത്രയും നടന്നതെന്താണെന്നു എന്നെ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തി. പലതരം മനുഷ്യരെ കണ്ടു. വര്‍ഗീയ വിദ്വേഷത്തിന് ഏതറ്റം വരെയും പോകാന്‍ കഴിയുമെന്ന്എനിക്ക് ബോധ്യമായി. പക്ഷേ ചില പോലീസുകാര്‍ പ്രകടിപ്പിച്ച സഹതാപമാണ് മറ്റു ചിലരുടെ ക്രൂരതയെക്കാള്‍ മ്ലേച്ഛമായി എനിക്ക് തോന്നിയത്. ‘നിങ്ങളുടെ മകന്‍ ഇസ്‌ലാം സ്വീകരിക്കുക എന്ന തെറ്റായ മാര്‍ഗത്തിലേക്ക് പോയതാണ് അവന്റെ ദുര്‍വിധിക്കു കാരണം എന്നാണ് അയാള്‍ പറഞ്ഞത്. അതില്‍ അയാള്‍ക്കെന്നോട് സഹതാപമുണ്ടത്രേ! ഇസ്ലാം സ്വീകരിച്ചത് തെറ്റായ മാര്‍ഗ്ഗമാണ് എന്നെനിക്കു തോന്നുന്നില്ല എന്ന് മാത്രം ഞാന്‍ അയാളോട് പറഞ്ഞു.
‘മുകുള്‍ സിന്‍ഹയെ കുറിച്ചാണ് ഗോപിനാഥ പിള്ളക്ക് ഏറെ പറയാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയുമില്ലായിരുന്നുവെങ്കില്‍ ഒരിക്കലും കേസുമായി മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നുവെന്ന് പിള്ള ഓര്‍ക്കുന്നു.
അഹമ്മദാബാദിലെത്തിയാല്‍ ഉച്ച ഭക്ഷണം വീട്ടില്‍ നിന്നും കഴിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കുമായിരുന്നു.
കഠിനമായ അനുഭവങ്ങളിലൂടെ കടന്നു പോയപ്പോഴും ഗോപിനാഥപിള്ള കരുതിയത് സാജിദയെക്കാള്‍ എത്രയോ ഭേദമാണ് തന്റെ അവസ്ഥ എന്നായിരുന്നു. കേരളത്തിലെ പോലീസുകാരില്‍ നിന്നും പിള്ളക്ക് മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്. ‘സംഭവം നടന്ന അന്ന് നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചു, പോലീസ് ജീപ്പില്‍ വീട്ടിലേക്കു വന്നാല്‍ ബുദ്ധിമുട്ടാവുമോ എന്ന് ചോദിച്ചു. അവരാരും തന്നെ മുറിപ്പെടുത്തിയില്ലെന്ന് ഗോപിനാഥ പിള്ള പറഞ്ഞു. പക്ഷേ സാജിദയോ, അവള്‍ കടന്നു പോയ യാതനകള്‍ക്ക് കണക്കില്ല. എല്ലാ ദിവസവും സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറയും. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. സ്‌റ്റേഷന്‍ വരാന്തയിലെ തറയില്‍ കുഞ്ഞിനെ മടിയില്‍ വെച്ച് അവളിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പോലീസുകാര്‍ അവളെ മനഃപൂര്‍വം കാലു കൊണ്ട്തട്ടും. ഒരു മനുഷ്യജീവിയാണ് എന്ന പരിഗണന പോലും അവള്‍ക്കു ലഭിച്ചിട്ടില്ല.
പോലീസ് അതിക്രമങ്ങള്‍ക്കിരയായവരുടെ ഒരു സംഗമം മുംബൈയില്‍ നടന്നു. അവിടെ വെച്ചാണ് പിന്നീട് ഗോപിനാഥപിള്ള സാജിദയെ വീണ്ടും കാണുന്നത്. അപ്പുവിനെയും . ‘അപ്പു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു, സാജിദ കുറെ കരഞ്ഞു’ ഗോപിനാഥപിള്ള ഓര്‍ക്കുന്നു. വളരെ താമസിയാതെ പൂനയിലെ അപ്പുവിന്റെ വിദ്യാഭ്യാസം നിലച്ചു. അവനെ സ്‌കൂളില്‍ വിട്ടാല്‍ സ്‌കൂള്‍ ബോംബ് വെച്ച്തകര്‍ക്കുമെന്ന് ഏതോ ഒരു ഹിന്ദു സംഘടന ഭീഷണിപ്പെടുത്തി. അവനെ കേരളത്തിലേക്കയക്കാന്‍ പിള്ള സാജിദയോട് പറഞ്ഞു. അങ്ങനെ അപ്പു കേരളത്തിലെത്തി, അവനെ നാട്ടിലെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു. സ്‌കൂള്‍ വിട്ടാല്‍ എന്നും വൈകുന്നേരം മകനോടൊപ്പം സ്‌കൂട്ടറില്‍ കറക്കം. അവനെ ഒരു വിശ്വാസിയായ മുസ്‌ലിമായാണ് സാജിദ
യും ജാവേദും വളര്‍ത്തിയത്. ഇങ്ങനെയാണ് അദ്ദേഹം ആ ഓര്‍മ്മകള്‍ പങ്ക് വെച്ചത്.
‘അവന് മതപരമായ കാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുണ്ടായിരുന്നു. അവനെ അടുത്തുള്ള പള്ളിയില്‍ നിസ്‌കാരത്തിനായി കൊണ്ട് വിട്ടു ഞാന്‍ പുറത്തു കാത്തു നില്‍ക്കും . അപ്പുവിന് ഇവിടെ സന്തോഷമായിരുന്നു. സ്‌കൂട്ടറില്‍ കറങ്ങുന്ന രണ്ടു മതക്കാരായ മുത്തച്ഛനും മകനും നാട്ടുകാര്‍ക്ക് ഒരു കൗതുക കാഴ്ചയായിരുന്നു എന്നതിലപ്പുറം അവിടെ ആരും ഒരു ചോദ്യവും ചോദിച്ചു അപ്പുവിനെ ബുദ്ധിമുട്ടിച്ചില്ല. മുത്തച്ഛന്‍ എന്താ നിസ്‌കരിക്കാത്തത് എന്നൊന്നും അവന്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ഒരേ വീട്ടില്‍ തന്നെ ഹിന്ദുവും മുസ്‌ലിമും ഉണ്ടാകുന്നത് അവനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരുന്നു. കാരണം അവന്‍ അങ്ങനെ കണ്ടാണല്ലോ വളര്‍ന്നത്’.
പൂനയിലെ സ്ഥിതി ഒട്ടൊന്നു ശാന്തമായപ്പോള്‍ സാജിത അപ്പുവിനെ കൊണ്ട് പോയി. ജാവേദ് ഷെയ്ഖിനെ ഹിന്ദുത്വ ഭരണകൂടം ഇല്ലാതാക്കിയെങ്കിലും സാജിദയും ഗോപിനാഥപിള്ളയും തമ്മിലുള്ള ബന്ധം ഒരിക്കലും മുറിഞ്ഞില്ല. സാജിദ പിന്നീട് വേറെ വിവാഹം കഴിച്ചു. അതൊന്നും ആ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ല. പിള്ളയും മറ്റൊരു വിവാഹം കഴിച്ചു.
സാജിദക്കും കുട്ടികള്‍ക്കും സ്വത്ത് നല്‍കിയതിനെ ചൊല്ലി ബന്ധുക്കള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പിള്ള പറഞ്ഞു. ബന്ധുക്കളുമായി കലഹമുണ്ടാകുമ്പോള്‍ സാജിദ എപ്പോഴും ഉപദേശിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നും പിള്ള ഓര്‍ക്കുന്നു. തനിക്കു സ്വത്ത് വേണ്ടെന്നും ബന്ധുക്കളെ പിണക്കരുതെന്നും അവള്‍ പറയുമായിരുന്നു. വയ്യാതെ കിടപ്പിലായി പോയാല്‍ പൂനയില്‍ നിന്ന് വന്ന് പരിചരിക്കാന്‍പറ്റിയില്ലെങ്കിലോ എന്ന് സാജിദക്ക് ആധിയുണ്ടായിരുന്നു .
പതിനാലു വര്‍ഷം സ്ഥലത്തെ എന്‍.എന്‍.എസ് കരയോഗത്തിന്റെ പ്രസിഡണ്ടായിരുന്നു ഗോപിനാഥപിള്ള. എല്ലാ ദിവസവും അമ്പലത്തില്‍ പോകുന്ന വിശ്വാസിയായ ഒരു മനുഷ്യന്‍. കഥകളേക്കാള്‍ അവിശ്വസനീയമായ ആ ജീവിതം അവസാനിച്ചിരിക്കുന്നു.എനിക്കാ മനുഷ്യനെ ഭാഗികമായി പോലും മനസ്സിലായിട്ടില്ല. അത് വരെ ഞാന്‍ കൊണ്ട് നടന്നിരുന്ന ചില മതേതര ബോധ്യങ്ങളെ അടിമുടി ഉലച്ചാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. ആ മനുഷ്യന്‍ ഒരു സര്‍വകലാശാലയായിരുന്നു. നിരവധി പാഠങ്ങള്‍ പഠിച്ചാണ് ഞാന്‍ അവിടന്നിറങ്ങിയത് .
പിന്നീട് പലപ്പോഴും ഫോണില്‍ സംസാരിക്കുമായിരുന്നു. സാജിദ വരുമ്പോള്‍ വിളിക്കാമെന്ന് ഉറപ്പു പറയും. പക്ഷേ സാജിദയും കുട്ടികളും വരുമ്പോള്‍ അദ്ദേഹം എന്നെ എങ്ങനെ ഓര്‍ക്കാനാണ് ! അയ്യോ, മറന്നു പോയെന്ന്, അടുത്ത പ്രാവശ്യം തീര്‍ച്ചയായും വിളിക്കാമെന്ന് വീണ്ടും പാലിക്കാത്ത ഉറപ്പുകള്‍ തരും. അന്‍പുവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവനെ കൊണ്ട് ചെല്ലാമെന്ന എന്റെ ഉറപ്പും പാഴ്‌വാക്കായി. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഒടുവില്‍ സംസാരിച്ചത്. അന്നദ്ദേഹം അവശനായിരുന്നു. താമസിയാതെ പോയി കാണണം എന്നുറപ്പിച്ചതാണ്. നമ്മള്‍ മനുഷ്യര്‍ ഇങ്ങനെയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സ്വയം സൃഷ്ടിച്ചു കൊണ്ടേയിരിക്കും.
തന്റെ ജീവിതത്തിനെ ‘മിഷന്‍ ‘ അവസാനിച്ചിരിക്കുന്നു എന്നാണ് പിരിയുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞത്. ഇനി സമാധാനമായി മരിക്കാമെന്നും. തന്റെ മകന്‍ ഭീകരവാദിയല്ലെന്നു ലോകത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ആ മിഷന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നവരെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നത് ആരും കൊലക്ക് ഭരണകൂടം നിശ്ചയിച്ച തിരക്കഥയായിരുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റി കഴിഞ്ഞാണ് ഗോപിനാഥ പിള്ള പോയത്.
ഒന്ന് കൂടി കാണാന്‍ പറ്റിയില്ലല്ലോ എന്ന വിങ്ങലൊഴിച്ചാല്‍ എനിക്കിപ്പോള്‍ ഖേദമില്ല. അദ്ദേഹം ഏറ്റവും കൂടുതല്‍ മനസ്സ് തുറന്നിട്ടുള്ള ഒരാള്‍ ഞാനാകുമെന്നൊന്നും കരുതുന്നില്ല. പക്ഷേ അദ്ദേഹത്തിന് വേണ്ടി ഇത്രയും ഞാന്‍ എഴുതണമെന്ന് അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടാകും എന്നുറപ്പാണ്.
ഞങ്ങളോടൊപ്പം മൂന്നാമതൊരാള്‍ കൂടി നിശബ്ദനായി ഈ കഥകള്‍ ഒക്കെ കേട്ടിരുന്നു. ഞാന്‍ യാത്ര ചെയ്ത ടാക്‌സിയുടെ െ്രെഡവര്‍ അഷ്‌റഫ്. ഒരു മരണവീട്ടിലെന്ന പോല്‍ നിശ്ശബ്ദനായാണ് അയാള്‍ അവിടെ നിന്നത്. ഏകദേശം എട്ട് മണിക്കൂറോളം ഞാന്‍ ആ വീട്ടില്‍ ചെലവഴിച്ചിട്ടും ഒരിക്കല്‍ പോലും അയാള്‍ ഒരു തിടുക്കവും പ്രകടിപ്പിച്ചില്ല. ഒടുവില്‍ മടക്കയാത്രയില്‍ അഷ്‌റഫിന് എന്നോട് മാപ്പു പറയണമായിരുന്നു.
കളമശ്ശേരിയിലാണ് അഷ്‌റഫിന്റെ വീട് .’കുപ്രസിദ്ധമായ’ കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശവാസികളായ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. അഷ്‌റഫും ചോദ്യം ചെയ്യപ്പെട്ടു. ആ സംഭവുമായി പ്രത്യേകിച്ചൊരു ബന്ധവും അഷ്‌റഫിനുണ്ടായിരുന്നില്ല. ഞാന്‍ ടാക്‌സി വിളിച്ച ഏജന്‍സി അഷ്‌റഫിനെ ജോലി ഏല്‍പ്പിച്ചപ്പോള്‍ അയാള്‍ ആദ്യം വിസമ്മതിക്കുകയാണ് ചെയ്തത്. എന്റെ കൂടെയാണ് പോകേണ്ടത് എന്നറിഞ്ഞു അയാള്‍ ഭയപ്പെട്ടു. പിന്നീട് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അയാള്‍ വരാന്‍ തയ്യാറായത്.
എന്നെ ‘തെറ്റിദ്ധരിച്ചതിനാണ് അഷ്‌റഫ് മാപ്പ് ചോദിച്ചത്. എന്നെ കുറിച്ച് അയാള്‍ക്ക് നേരത്തെയുള്ള ധാരണകള്‍ മാറാന്‍ പാകത്തില്‍ ഞങ്ങള്‍ തമ്മില്‍ ഒരു സംസാരവും നടന്നിട്ടുണ്ടായിരുന്നില്ല. ഗോപിനാഥപിള്ളയുടെ ജീവിതമാണ് അഷ്‌റഫിന്റെ ലോക വീക്ഷണം മാറ്റിയത്. താന്‍ എത്ര നിസ്സാരമായ ജീവിതമാണ് ജീവിക്കുന്നതെന്നും ഒരു ചെറിയ സംഭവം പോലും തന്നെ എത്രസ്വാര്‍ത്ഥനാക്കിയെന്നും അഷ്‌റഫ് വികാരാധീനനായി ഏറ്റു പറഞ്ഞു.
മുസ്‌ലിങ്ങളോടുള്ള വിരോധം തീര്‍ക്കാന്‍, പാല്‍മണം മാറാത്ത കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന ഈ രാജ്യത്ത് തുടര്‍ന്നും ജീവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഇങ്ങനെ കുറെ മനുഷ്യരാണ്. അവരിലൊരാള്‍ കടന്നു പോയി. ഗോപിനാഥപിള്ളയുടെ പോരാട്ടങ്ങള്‍ നിശബ്ദ സഹനങ്ങള്‍ നമുക്ക് വേണ്ടിയായിരുന്നു. നമ്മളാണ് അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത്.
പ്രിയപ്പെട്ട ഗോപിനാഥപിള്ള, നമ്മളിനി കാണുകയില്ല. വല്ലപ്പോഴുമുണ്ടായിരുന്ന ഫോണ്‍ വിളിയും ഇനി ഇല്ല. പക്ഷേ എന്റെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ നിങ്ങള്‍ എത്ര വലിയ പങ്കാണ് വഹിച്ചത് എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളെങ്ങനെ അതറിയാനാണ്. നിങ്ങളുടെ കണക്കില്‍ നേരെ ചൊവ്വേ ചായ ഇടാന്‍ അറിയാത്ത ഒരു കുട്ടിയാണല്ലോ ഞാന്‍ ….