X

പഞ്ചപുച്ഛമടക്കി പൊലീസ്;നിയമം കയ്യിലെടുത്ത് ഗുണ്ടകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണകക്ഷിയുടെ പിന്തുണയോടെ ഗുണ്ടകള്‍ അരങ്ങ് വാഴുമ്പോള്‍ പൊലീസ് പഞ്ചപുച്ഛമടക്കി സേവപാടുന്നതില്‍ വ്യാപകരോഷം. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ ജില്ലകളിലായി നൂറോളം ഗുണ്ടാആക്രമണങ്ങളാണ് നടന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം പത്തിനടുത്ത് സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് വനിതാപൊലീസിനെ പോലും വീട്ടില്‍ കയറി ആക്രമിക്കാന്‍ ഗുണ്ടകള്‍ക്ക് പേടിയില്ലാത്ത സ്ഥിതിയാണ്. അതേസമയം, പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസാകട്ടെ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കിക്കളഞ്ഞും ട്രെയിനില്‍ യാത്രക്കാരനെ തൊഴിച്ചും മൊബൈല്‍ മോഷ്ടിച്ചെന്ന കുറ്റത്തിന് ബാലികയേയും അച്ഛനേയും പീഡിപ്പിച്ചും നിയമപാലനം മികച്ച രിതീയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്.

കോ്ട്ടയത്ത് ഇന്നലെ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവംഗുണ്ടകള്‍ക്ക് പൊലീസിനോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് പോത്തന്‍കോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസില്‍ പൊലീസിനുണ്ടായത് ഗുരുതരമാ വീഴ്ചയാണ്. പ്രതികളെ പിടിക്കുന്നതില്‍ കാട്ടിയ അലംഭാവം വ്യാപകവിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കിയ കേസിലും പ്രതികളുടെ അറസ്റ്റ് വൈകി.വട്ടിയൂര്‍ക്കാവിന് സമീപം രാത്രി ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു.പരസ്പരം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കണിയാപുരത്ത് പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നത് കഴിഞ്ഞ മാസം ആദ്യം.വിഴിഞ്ഞത് പെട്രോള്‍ പമ്പിലെ ജീവനക്കാരനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ധനുവച്ചപുരത്ത് 15 അംഗ ഗുണ്ടാസംഘം വീടു കയറി നടത്തിയ ആക്രമണത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ഈ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നെടുമങ്ങാട് അഴിക്കോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആളുമാറി ഗുണ്ടാസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. ഭരണസിരാകേന്ദ്രവും പൊലീസ് ആസ്ഥാനവും സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥിതിയേക്കാള്‍ ഗുരുതരമാണ് മറ്റുജില്ലകളിലെ അവസ്ഥ, കണ്ണൂര്‍ – മട്ടന്നൂര്‍ സംസ്ഥാന പാതയിലെ ഏച്ചൂര്‍ പെട്രോള്‍ പമ്പില്‍ ക്വട്ടേഷന്‍ നേതാവ് ജീവനക്കാരനെ തല്ലിച്ചതച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പത്തനംതിട്ടമണിമല സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാന്‍ കത്തിയുമായെത്തിയാണ് അഞ്ചംഗം അഴിഞ്ഞാടിയത്.

എറണാകുളം കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ വടിവാളുമായി എത്തിയ ഗുണ്ടകള്‍ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.കോട്ടയത്ത് സംഗീത സംവിധായകന്‍ ജെയ്സണ്‍ ജെ. നായരെ കല്ലറ റോഡില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് സമീപകാലത്താണ്. കോട്ടയത്തെ അറുത്തൂട്ടിയില്‍ ഭക്ഷണവിതരണ ജീവനക്കാരനെ ബൈക്കില്‍ ഇന്‍ഡിക്കേറ്ററിടാതെ തിരിഞ്ഞെന്നാരോപിച്ച് രണ്ടംഗസംഘം ബൈക്കില്‍നിന്ന് വഴിയില്‍ തള്ളിയിട്ട് മര്‍ദിച്ചു. മണര്‍കാട് മണര്‍കാട് കവലയിലെ ബാറിനുസമീപം മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം ചികിത്സ വൈകിയെന്നാരോപിച്ച് മണര്‍കാട്ടെ സ്വകാര്യ ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്തതും അടുത്തിടെയാണ്. വടക്കന്‍ ജില്ലകളില്‍ പാര്‍ട്ടിഗുണ്ടകള്‍ വിളയാടുന്നത് രണ്ടാം പിണറായി സര്‍ക്കാറിന്റെ കീഴിലും മികച്ച രീതിയിലാണ്.

അതിനിടെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി പൊലീസ് പതിവായി പുറത്തിറക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ഇന്നലെ അവകാശപ്പെട്ടത് 14,014 ഗുണ്ടകളെ അറസ്റ്റ് ചെയ്തന്നൊണ്. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് മേധാവി അനില്‍കാന്ത് അവകാശപ്പെട്ടു. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

Test User: