കൊച്ചി: ഗുണ്ടാപ്പക തീര്‍ക്കുന്നതിന്റെ ഭാഗമായി യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവം സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയ സാഹചര്യത്തില്‍ ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല? ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രി വന്‍ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ ജില്ലകളിലും ആവര്‍ത്തിക്കുന്നു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടേണ്ടി വരും.
കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിന്റെ കാല്‍വെട്ടയെടുത്ത് ബൈക്കില്‍ പോയതും മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ്. ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍. ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വ ബോധം തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ ആരും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്. ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. പല ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെ പിന്‍ബലത്തോടെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. ഇക്കാര്യം നിരവധി തവണ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം സംരക്ഷിച്ച കൊലക്കേസ് പ്രതികളാണ് ഹൈദരാബാദിലെ ജൂവലറി കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്രിമിനലുകളെ ഉപയോഗിക്കുകയും അവര്‍ പിന്നീട് നടത്തുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും കുടപിടിക്കേണ്ട അവസ്ഥയിലേക്ക് സി.പി.എം എത്തിച്ചേര്‍ന്നിരിക്കുകയാണ് വിഡി കൂട്ടിചേര്‍ത്തു.