X
    Categories: keralaNews

തൃശൂരില്‍ ഗുണ്ടാസംഘം എത്തിയത് കൊലപാതകത്തിന്‌

തൃശൂര്‍: കഴിഞ്ഞദിവസം വെങ്ങിണിശ്ശേരിയില്‍ പൊലീസ് പിന്തുടര്‍ന്ന് പിടിച്ച ഗുണ്ടാസംഘം എത്തിയത് കൊലപാതകം ലക്ഷ്യമാക്കി. പ്രതികളില്‍ നാല് പേരെ കൂടി ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തു. ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയില്‍ വീട്ടില്‍ ലിപിന്‍ (30), തൊട്ടിമലിയില്‍ വീട്ടില്‍ അച്ചു സന്തോഷ് (25), തൈവേലിക്കകത്ത് വീട്ടില്‍ നിക്കോളാസ് (21), മേടയില്‍ വീട്ടില്‍ അലക്‌സ് പാസ്‌കല്‍ (23), ചെറിയ പള്ളിക്കുന്ന് വീട്ടില്‍ ബിബിന്‍ ബാബു (25), ചെമ്പകപറമ്പില്‍ വീട്ടില്‍ നിഖില്‍ ദാസ് (36), തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ജിനു ജോസ് (24), മിജോ ജോസ് (20) മേനോത്തുപറമ്പില്‍ സജല്‍ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

തിങ്കളാഴ്ച്ച പുലര്‍ച്ചെ വെങ്ങിണിശ്ശേരിയില്‍ ലോറിയിലിടിച്ച് സഞ്ചാര യോഗ്യമല്ലാതെ കിടന്ന കാര്‍ ചേര്‍പ്പ് പൊലീസെത്തി പരിശോധിച്ചപ്പോള്‍ കൊടുവാള്‍ കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ദൃക്‌സാക്ഷികളില്‍ നിന്നു ലഭിച്ച വിവരങ്ങളും വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ പെട്ട കാറില്‍ നിന്ന് നിരവധി മാരക ആയുധങ്ങള്‍ മറ്റൊരു കാറില്‍ കയറ്റി കുറച്ചുപേര്‍ രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്. പൊലീസ് സംഘത്തിന്റെ മുന്നില്‍പ്പെട്ട അക്രമിസംഘത്തിന്റെ കാര്‍ സി.ഐയും സംഘവും തടയാന്‍ ശ്രമിച്ചെങ്കിലും ചൊവ്വൂരില്‍ റോഡു പണിക്കായി കൂട്ടിയിട്ട മണ്‍ കൂനക്കു മുകളിലൂടെ കാര്‍ കയറ്റി പ്രതികള്‍ രക്ഷപ്പെട്ടു. ഇതോടെ രണ്ടു വാഹനങ്ങളിലായി പിന്‍തുടര്‍ന്ന പൊലീസ് സംഘത്തില്‍ എസ്. ഐ.യുടെ ജീപ്പ് മുന്നില്‍ കയറ്റി പ്രതികളുടെ കാര്‍ തടഞ്ഞു.

എന്നാല്‍ ജീപ്പിലേക്ക് കാര്‍ ഇടിച്ചു കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം പ്രതികളെ ഓടിച്ചിട്ടു പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്ത് നിരവധി കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കല്‍ പൊലീസിനെ ആക്രമിച്ച കേസുകളിലെ അടക്കം കൊടും ക്രിമിനലുകളാണെന്ന് അറിയുന്നത്. നിരവധി കേസുകളിലെ പ്രതിയും ചേര്‍പ്പ് സ്വദേശിയുമായ ഗിവര്‍ എന്നയാളെ കൊലപ്പെടുത്താന്‍ എത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. ഇപ്പോള്‍ അറസ്റ്റിലായ മാളിയേക്കല്‍ ജിനു, മിജോ എന്നിവര്‍ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാല്‍ കഥ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഗിവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നു ഇവര്‍ തമ്മില്‍ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു.

ഇതില്‍ പ്രകോപിതനായ ജിനു സെന്‍ട്രല്‍ ജയിലില്‍ വച്ചുള്ള സുഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂര്‍ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗിവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ മുങ്ങിയിരുന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിക്കുന്നതും പൊലീസ് പിടിയിലായതും.

Chandrika Web: