കണ്ണൂര്‍: മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയിലായ സംഭവത്തോടെ പുറത്ത് വരുന്നത് സിപിഎം ബന്ധം. ക്വട്ടേഷന്‍, കുഴല്‍പണം തട്ടല്‍, സ്വര്‍ണക്കടത്ത് കേസുകളിലുള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാകുമ്പോഴും തള്ളാനും കൊള്ളാനുമാകാതെ നേതൃത്വം വിയര്‍ക്കുന്നു. പാര്‍ട്ടി തണലില്‍ വളരുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്ക് മൂക്ക് കയറിടാനാകുന്നില്ല പിണറായി സര്‍ക്കാറിനും. പൊലീസിന് മേലും സമ്മര്‍ദ്ദമേറുമ്പോള്‍ പിടിമുറുക്കുന്നത് ലഹരി മാഫിയാ സംഘങ്ങള്‍.
മാരക മയക്കുമരുന്നുമായി ഭാര്യക്കൊപ്പം തിങ്കളാഴ്ച കണ്ണൂരില്‍ പിടിയിലായ കോയ്യോട് തൈവളപ്പ് ഹൗസില്‍ അഫ്‌സലി(37)ന്റെ സിപിഎം ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ട് കിലോയിലധികം എംഡിഎംഎയും ഒപിഎം, ബ്രൗണ്‍ഷുഗറും പിടികൂടിയ സംഭവത്തോടെ സംസ്ഥാനത്ത് വേരുറപ്പിച്ച ലഹരി മാഫിയ ബന്ധത്തിലൂടെ കുരുക്കിലാക്കിയത് സിപിഎം നേതൃത്വത്തെ തന്നെയാണ്. അഫ്‌സല്‍ പി ജയരാജനൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി വേദിയില്‍ അഫ്‌സലിനെ രക്തഹാരം അണിയിച്ച് ജയരാജന്‍ ഹസ്തദാനം നടത്തുന്നതാണ് ചിത്രം. അഫ്‌സല്‍ പാര്‍ട്ടിയുടെ വിവിധ സമര പരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സ്വര്‍ണക്കടത്തിലെ പങ്കാളിത്തവും ക്വട്ടേഷന്‍ സംഘത്തിലും പ്രവര്‍ത്തകര്‍ പ്രതികളായ സംഭവങ്ങളും പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെയാണ് ലഹരി മാഫിയാ ബന്ധവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.ടിപി കേസ് പ്രതി ഷാഫിയുള്‍പ്പെടെയുള്ളവരില്‍ എത്തിയ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസ് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
അര്‍ജുന്‍ ആയങ്കി മുഖ്യപ്രതിയായ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലൂടെ പുറത്ത് വന്നത് പി ജയരാജന്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വവുമായുള്ള ബന്ധങ്ങളാണ്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരില്‍ നിന്ന് തുടങ്ങി ടിപി കേസ് പ്രതികള്‍ വരെ നീളുന്നതാണ് പാര്‍ട്ടി അറിവോടെയുള്ള ക്വട്ടേഷന്‍ ബന്ധം.