ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ മൂന്ന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തു.
പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്‌സ് & കോസ്‌പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൗണ്ടബിലിറ്റി കൗണ്‍സിലില്‍ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ജനപ്രിയ അപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.
ഈ മൂന്ന് ആപ്ലിക്കേഷനുകളും ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് കുട്ടികളുടെ ഡാറ്റ ശേഖരിക്കുന്നുണ്ടെന്നും ഈ ഡാറ്റ അവര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാത്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം ചെയ്യുന്നതെന്നും ഗൂഗിള്‍ അറിയി്ച്ചു.
കളികളിലൂടെ കുട്ടികളെ പഠനത്തിലേക്ക് നയിക്കുക എന്നതായിരുന്നു മൂന്ന് ആപ്പുകളും നടത്തിയ പ്രവര്‍ത്തനമെങ്കിലും അതിന്റെ മറവില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ നീക്കം. പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ പിന്‍വലിക്കുമെന്നാണ് സൂചന.
കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ കാണിക്കമെന്നും അല്ലാത്ത പക്ഷം ആപ്പുകള്‍ക്കെതിരെ ഇതുപോലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കംചെയ്യുന്നത് ഇതാദ്യമല്ല. ഗൂഗിളിന്റെ നിയമം ലംഘിച്ചതിന് ഇതിന് മുമ്പും ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.