ന്യൂയോര്‍ക്ക്: ഐ.ടി മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് പിന്തുണയുമായി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്. ഇതാദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഐ.ടി രംഗത്ത് അടിസ്ഥാന അറിവുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ കോഴ്‌സ് വഴി സര്‍ട്ടിഫിക്കേഷന് അവസരം ഒരുക്കുകയും അതുവഴി തൊഴില്‍ രംഗത്ത് പുതിയ ചുവടു വെപ്പിന് സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
കസ്റ്റമര്‍ സര്‍വീസ്, നെറ്റ്‌വര്‍ക്കിങ്, ഓപ്പറേറ്റിങ് സിസ്റ്റം, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ഓട്ടോമേഷന്‍, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങൡലാണ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുക. പ്രഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയോ ഐ.ടി രംഗത്ത് മുന്‍ പരിചയമോ ഇല്ലാത്ത ആര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സില്‍ അംഗമാകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
64 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പഠന സഹായിയാണ് ഗൂഗിള്‍ തയ്യാറാക്കുന്നത്. ക്ലാസ്, ലാബ് പരിശീലനം, ഇന്ററാക്ടീവ് അസസ്‌മെന്റുകള്‍ എന്നിവ അടങ്ങിയതാണിത്. ഇതിനു ശേഷം ഉദ്യോഗാര്‍ത്ഥിയുടെ മികവ് തെളിയിക്കുന്നതിന് ഓണ്‍ലൈന്‍ വഴി തന്നെ പരീക്ഷയും നടക്കും. ഇവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഗൂഗിളിന്റെ സാക്ഷ്യപത്രം ലഭിക്കും. ബാങ്ക് ഓഫ് അമേരിക്ക, ഇന്‍ഫോസിസ് തുടങ്ങി വന്‍കിട സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ അംഗീകാരമുള്ളതായിരിക്കും സര്‍ട്ടിഫിക്കറ്റെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ജനുവരി 23ന് ആദ്യ കോഴ്‌സ് ആരംഭിക്കും. പ്രതിമാസം 49 യു.എസ് ഡോളര്‍(ഏകദേശം 3100 രൂപ) ആയിരിക്കും കോഴ്‌സ് ഫീ.എട്ടു മുതല്‍ 12 മാസം വരെയായിരിക്കും പഠന കാലയളവെന്നും ഗൂഗിള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.