X
    Categories: indiaNews

ഇന്ത്യയില്‍ ഗൂഗ്‌ളിന്റെ കൂറ്റന്‍ നിക്ഷേപം; 75,000 കോടി- നിക്ഷേപിക്കുന്നത് ഡിജിറ്റല്‍ ഇകോണമിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പത്ത് ബില്യണ്‍ ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) നിക്ഷേപിക്കാന്‍ ടെക് ഭീമന്മാരായ ഗൂഗ്ള്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൂഗ്ള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈയും ചര്‍ച്ച നടത്തി.

ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ സുന്ദര്‍ പിച്ചൈ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപം ഇന്ത്യയിലെത്തുമെന്ന് പിച്ചൈ ഉറപ്പു നല്‍കി. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന സൗകര്യം എന്നിവയിലാണ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി മുതല്‍ മുടക്കുക.

പിച്ചൈയുമായുള്ള സംഭാഷണം മോദി ട്വിറ്ററിലിട്ടു. ഈ രാവിലെ സുന്ദര്‍ പിച്ചൈയുമായി അങ്ങേയറ്റം ഫലപ്രദമായ ചര്‍ച്ച നടത്തി. രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും സംരംഭകരുടെയും ജീവിതത്തില്‍ സാങ്കേതിക വിദ്യ കൊണ്ടു വരുന്ന മാറ്റത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ പേയ്‌മെന്റ്, ഇ-ലേണിങ്, വിദ്യാഭ്യാസം എന്നിവയില്‍ നിക്ഷേപമിറക്കാന്‍ ഗൂഗ്ള്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയിട്ട പിച്ചൈ, നിങ്ങളുടെ സമയത്തിന് നന്ദി. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തനിക്ക് ശുഭപ്രതീക്ഷയുണ്ട് എന്ന് മറുപടി നല്‍കുകയും ചെയ്തു.

Test User: