X

ഫ്രഞ്ചുജനത തരുന്ന ശുഭസൂചനകള്‍

കെ.പി ജലീല്‍

ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്‍പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്. ഈവര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍ അധികാരമേറ്റ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീവ്രനിപലാടുകളുടെ കാര്യത്തില്‍ ലോകത്തിനുണ്ടായ ആശങ്കക്ക് അല്‍പം ശമനമുണ്ടാക്കുന്നതാണ് ഫ്രഞ്ചു ജനതയുടെ ഈ വിധിയെഴുത്ത്. കടുത്ത ദേശീയവാദവും കുടിയേറ്റവിരുദ്ധമായ ഇടുങ്ങിയ വിദേശനയവുമാണ് എതിര്‍സ്ഥാനാര്‍ഥി മരീന്‍ ലീ പെന്നിനുണ്ടായിരുന്നത്. ലോകത്തിന്റെ ആധുനികഗതിയനുസരിച്ച് ലീപെന്‍ വിജയിക്കുമെന്ന ചില കോണുകളില്‍ നിന്നുണ്ടായ വാര്‍ത്തകള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം തള്ളപ്പെട്ടിരിക്കയാണ്. ഏപ്രില്‍ 23നും മെയ് ഏഴിനുമായി നടന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പ് തീവ്രവാദികളും മിതവാദികളും തമ്മിലുള്ളൊരു ബലപരീക്ഷണമായിരുന്നു. തീവ്രവലതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവന്‍ യൂറോപ്പിലെ പ്രമുഖരാജ്യത്തിന്റെ തലവനായി അധികാരത്തിലെത്തിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തിനും കെട്ടുറപ്പിനും മക്രോണിന്റെ വിജയം ഗുണം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും യൂറോപ്യന്‍ ജനത. തീവ്രവാദവും ഭീകരവാദവും കാര്‍ന്നുതിന്നുന്ന ലോകാന്തരീക്ഷത്തില്‍ യൂറോപ്പിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഫ്രാന്‍സും മക്രോണും മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫ്രാങ്‌സ്വോ ഒലാന്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് മക്രോണ്‍ എന്ന നീലക്കണ്ണുള്ള നേതാവ് ഉയര്‍ന്നുവന്നത്. എന്‍മാര്‍ഷെയാണ് മക്രോണിന്റെ പാര്‍ട്ടിയുടെ പേര്. സാമ്പത്തികവിദഗ്ധനും മുന്‍മന്ത്രിയുമായ മക്രോണ്‍ രാജ്യത്തിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘദൃഷ്ടിയോടെയുള്ള പരിഹാരം കണ്ടെത്തുമെന്നുതന്നെയാണ് ജനതയുടെ പ്രതീക്ഷ. വോട്ടുകളുടെ ശതമാനം ഇത് തെളിയിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ മികച്ച ചരിത്രപാരമ്പര്യമുള്ളതും ലോകജനതയുടെ സാതന്ത്ര്യത്തിനും സമത്വത്തിനും പ്രതീക്ഷ നല്‍കുന്നതുമായ ഒരു രാഷ്ട്രമാണ് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഫ്രാന്‍സ്. യൂറോപ്പിന്റെ നെടുംതൂണായാണ് പലപ്പോഴും ഫ്രാന്‍സ് വിശേഷിപ്പിക്കപ്പെടുന്നത്.
പത്തുശതമാനം വരുന്ന തൊഴിലില്ലായ്മയാണ് ഫ്രാന്‍സിനെ ഇപ്പോള്‍ അലട്ടുന്നത്. ചെറുപ്പക്കാരില്‍ നാലിലൊന്നുപേര്‍ക്ക് തൊഴിലില്ല. വര്‍ധിച്ചുവരുന്ന പൊതുകടമാണ് മറ്റൊരു കീറാമുട്ടി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള സാമ്പത്തിക പരിഹാരമാണ് മക്രോണും കൂട്ടരും മുന്നോട്ടുവെക്കുന്നതെങ്കില്‍ ചെറിയ ശതമാനമാണെങ്കിലും ലീപെന്‍ അനുകൂലികളുടെ ഇടങ്കോല്‍ ഭരണതലത്തില്‍ മക്രോണിനും കൂട്ടര്‍ക്കും വെല്ലുവിളിയാണ്. നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. 577 അംഗപാര്‍ലമെന്റില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പ്രസിഡണ്ടിന് വേണ്ടത്. ജൂണ്‍ 11നും 18നുമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് .ഇത് ലഭിച്ചില്ലെങ്കില്‍ പ്രസിഡണ്ടിന്റെ അധികാരം കുറയുകയും പാര്‍ലമെന്റിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്യും.
ഇന്നുരാത്രി നിങ്ങള്‍ വിജയിച്ചിരിക്കുന്നു. പലരും പറഞ്ഞതുപോലെ സംഭവിച്ചില്ല- മക്രോണ്‍ വിജയപ്രഖ്യാപനത്തിന് ശേഷം നടത്തിയ ഹ്രസ്വപ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ഫ്രഞ്ച് ജനതയിലും അന്താരാഷ്ട്രസമൂഹത്തിലും കൗതുകമുളവാക്കുകയാണ്. പ്രത്യേകിച്ചും സത്യാനന്തര കാലത്ത്, ട്രംപിന്റെ വിജയവും ഹിലരിയുടെ തോല്‍വിയും ബ്രെക്‌സിറ്റും മോദിയുടെ വിജയാരവങ്ങളും കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ മക്രോണിന്റെ വിജയം പലരും അപ്രതീക്ഷിതവും അതോടൊപ്പം പ്രതീക്ഷാനിര്‍ഭരവുമായാണ് വാഴ്്ത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചാണ് മക്രോണ്‍ സംസാരിക്കുന്നത്. ഐ.എസ് പോലുള്ള സംഘടനകളില്‍ നിന്ന് കടുത്ത വിരോധവും ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ഘട്ടത്തില്‍ മക്രോണിന്റെ ഭാഷയുടെ ശൈലിക്ക് പ്രത്യേക അര്‍ഥതലങ്ങളുണ്ട്. അത് അറേബ്യയിലും തെക്കനേഷ്യയിലും വരെ ശ്രദ്ധിക്കപ്പെടുന്നത് അതിനാലാണ്. തീര്‍ച്ചയായും ഐ.എസ് തീവ്രവാദികള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കിക്കിട്ടാന്‍ മക്രോണും അരുനില്‍ക്കില്ലെന്ന് നമുക്കറിയാമെങ്കിലും കൂടുതല്‍ പ്രകോപനരഹിതമായ നടപടികളിലൂന്നിയാകും ഈ ചെറുപ്പക്കാരന്‍ മുന്നോട്ടുപോകുക എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനിരിക്കുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഐക്യമാണ് മക്രോണും ഫ്രഞ്ച് ജനതയും ആവര്‍ത്തിക്കുന്നത് എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി തെരേസമേ പെട്ടെന്നൊരു തിരഞ്ഞെടുപ്പിന് തയ്യാറെടുത്തുനില്‍ക്കെ മക്രോണിന്റെ വിജയം ബ്രിട്ടനിലും അതിന്റേതായ പ്രതിഫലനം ഉണ്ടാക്കുമെന്ന് തീര്‍ച്ച.
അറുപത്തിയഞ്ചുശതമാനത്തോളം ക്രിസ്ത്യാനികളുള്ള ഫ്രാന്‍സിന്റെ ബാക്കി മതന്യൂനപക്ഷങ്ങളാണ്. മുസ്്‌ലിംകള്‍ ഏഴുമുതല്‍ ഒന്‍പതുവരെ ശതമാനം വരുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ സിറിയയില്‍ നിന്നും മറ്റുമുണ്ടാകുന്ന കുടിയേറ്റഭീഷണിയാണ് മറ്റൊരു പ്രശ്‌നം.ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങളെക്കുറിച്ച് എല്ലാ മതനേതാക്കള്‍ക്കും ബോധവല്‍കരണം നടത്തുമെന്നാണ് മക്രോണിന്റെ മറ്റൊരു തിരഞ്ഞെടുപ്പുവാഗ്ദാനം. യൂറോപ്യന്‍ യൂണിയന്‍ അതിര്‍്ത്തിയില്‍ അയ്യായിരം പേരുടെ സേന, സിറിയയിലെ ബസറുല്‍ അസദിനെ കുറ്റവിചാരണ നടത്തുക, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്കുമാത്രം പൗരത്വം തുടങ്ങിയവയാണ് മറ്റുനയപരിപാടികള്‍. ആഗോളവല്‍കരണം ദേശീയതയിലേക്ക് വഴിമാറണമെന്നാണ് ട്രംപ് പറയുന്നതെങ്കില്‍ മക്രോണ്‍ പറയുന്നത് മറിച്ചാണ്. അതുകൊണ്ട് ഫ്രാന്‍സും ആഗോളവല്‍കരണം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടേണ്ടത്. ട്രംപിന്റെയും നരേന്ദ്രമോദിയുടെയും റഷ്യയിലെ പുട്ടിന്റെയും വിജയങ്ങള്‍ക്കിടെ വന്നിരിക്കുന്ന മക്രോണിന്റെ വിജയം നല്‍കുന്നത് ശുഭസൂചനയാണ് . ബഹുസ്വരതയിലൂന്നിയ ഭരണമായിരിക്കണം ഭാവിയുടേതെന്നാണ് ഫ്രാന്‍സ് നല്‍കുന്ന സന്ദേശം. ഇന്ത്യ ഇതിനനുസരിച്ച് ആഭ്യന്തരതലത്തിലും യൂറോപ്യന്‍നയത്തിലും വേണ്ട തിരുത്തല്‍ വരുത്തണം. എന്തായാലും ആഭ്യന്തര-അന്താരാഷ്ട്രരംഗങ്ങളില്‍ മിതവാദനിലപാടുകളുമായാണ് മക്രോണ്‍ മുന്നോട്ടുപോകുക എന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. അതുതന്നെയാകണം ഈ ചെറുപ്പക്കാരനില്‍ നിന്ന് ഉണ്ടാകേണ്ടതും.

chandrika: