ന്യൂഡല്‍ഹി: കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ ഇല്ലാതാക്കി ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. പുതിയ പതാക കൊച്ചിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും. തദ്ദേശീയമായി നിര്‍മിച്ച പ്രഥമ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ കമ്മീഷനിങ് ചടങ്ങില്‍ വച്ചാണ് പുതിയ പതാക പ്രകാശനം ചെയ്യുക.
വെള്ള പതാകയില്‍ ചുവന്ന വരകളും അതിന് സമീപത്ത് അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവില്‍ നാവിക സേന പതാക. സെന്റ് ജോര്‍ജ് ക്രോസ് എന്നാണ് പതാകയിലെ ചുവന്ന വരകള്‍ അറിയപ്പെടുന്നത്. 1928 ലാണ് ഈ ക്രോസ് പതാകയുടെ ഭാഗമായത്. ബ്രിട്ടീഷ് പൈതൃകത്തിന്റെ ഭാഗമായാണ് റെഡ് ക്രോസ് പതാകയില്‍ ഉള്‍പ്പെടുത്തിയത്. 2001ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഈ ക്രോസ് ഒഴിവാക്കിയിരുന്നെങ്കിലും 2004 ല്‍ പഴയ പതാക ചെറിയ ചില മാറ്റങ്ങളോടെ തിരികെയെത്തുകയായിരുന്നു.
കൊളോണിയല്‍ ഭൂതകാലത്തിന്റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ സെന്റ് ജോര്‍ജ് ക്രോസ് പതാകയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകയില്‍ മാറ്റം വരുത്തുന്നത്. 2014 ലാണ് പതാകയില്‍ അവസാന മാറ്റമുണ്ടായത്. മുമ്പ് 2001 ലും 2004 ലും മാറ്റം വരുത്തിയിരുന്നു. പത്ത് ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.