X
    Categories: FilmMore

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

webdesk18: