കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു തന്നെ മാതൃകയാണെന്ന് അഭിമാനം കൊള്ളുമ്പോള്‍തന്നെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനോടൊപ്പം വിളമ്പുന്നത് വിഷം തീണ്ടിയ പച്ചക്കറിയാണ്. കുട്ടികള്‍ നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യത്തോടെയും വളര്‍ന്ന് വരേണ്ടവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി തീര്‍ത്തും വിഷമയമാണെന്ന് ആരോഗ്യ വിദഗ്ധര്‍ക്കും അധികൃതര്‍ക്കും സമൂഹത്തിനൊന്നാകെയും അറിയാം. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നം എന്താണോ അതാണ് ഇവിടയും സംഭവിക്കാന്‍ പോകുന്നത്. വീടുകളില്‍ കൊണ്ട് വരുന്ന പച്ചക്കറികള്‍ കുറച്ച് സമയം ഉപ്പ് വെള്ളത്തിലോ മഞ്ഞള്‍ പൊടിയിലോ ഇട്ടു വിഷം കളഞ്ഞെന്ന് ബോധ്യമായതിനു ശേഷം പാചകം ചെയ്യുന്നു.
എന്നാല്‍ ഹോട്ടലില്‍ ഈ പ്രവൃത്തി നടക്കുന്നില്ല. അതുപോലെ സ്‌കൂളുകളിലും. കറി വെക്കാനായി കൊണ്ട്‌വരുന്ന പച്ചക്കറി വിഷം കളഞ്ഞെടുക്കാനൊന്നും പാചക തൊഴിലാളികള്‍ക്ക് സമയമില്ല. അതിന് അവരെ കുറ്റം പറയാനും കഴിയില്ല. ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ നിശബ്ദമായി കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയം ആരും ചെവിക്കൊള്ളുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. സ്‌കൂള്‍ ഉച്ചഭക്ഷത്തില്‍നിന്നും വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കി ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. അത് സമൂഹം ഒന്നായി ഏറ്റെടുക്കേണ്ടതുമാണ്. കഴിഞ്ഞ കാലങ്ങളില്‍ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നതിന്റെ പരിണിത ഫലമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രാജ്യത്തിനു തന്നെ മാതൃകയായി മാറിയതും അത് ജനശ്രദ്ധ ആകര്‍ഷിച്ചതും.സ്‌കൂള്‍ ഉച്ചഭക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുകയാണ്.
1) എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസുകളില്‍ ആഴ്ചയില്‍ ഒരു പീരിയഡ് കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കാനായി മാറ്റിവെക്കാം. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണി വരെ ക്ലാസ് മുറികളില്‍ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കത്തില്‍നിന്നും അല്‍പസമയം കുട്ടികള്‍ പ്രകൃതിയിലേക്ക് ഇറങ്ങി കൃഷിയുടെ ബാലപാഠങ്ങളും പഠിക്കട്ടെ. അതിലൂടെ കുട്ടികള്‍ അവന്‍ മൂന്ന് നേരം കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കട്ടെ.
2, ‘ഞങ്ങളും കൃഷിയിലേക്കെന്ന’ സര്‍ക്കാര്‍ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കാം. അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി ഗവണ്‍മെന്റിന്റെയും സ്‌കൂള്‍ പി.ടി.എയുടെയും സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയോ കുടുംബശ്രീ പദ്ധതിയോ പ്രയോജനപ്പെടുത്താം.
3, അതിന്റെ ഭാഗമായി ഓരോ സ്‌കൂളിനും സമീപമുള്ള രണ്ട് (തൊഴിലുറപ്പ്/കുടുംബശ്രീ) തൊഴിലാളികളെ ഈ പദ്ധതിക്കായി നിയമിച്ചാല്‍ അവരുടെ കാര്‍ഷിക പരിപാലനം, കാര്‍ഷിക പിരീഡുകളില്‍ കുട്ടികളെ നേരിട്ട് പരിചയപെടുത്തുന്നതിനും അത് പരിശീലിപ്പിക്കുന്നതിനും അതിലൂടെ അവരില്‍ കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കുന്നതിനും കഴിയുമെന്നതില്‍ രണ്ടഭിപ്രായമില്ല. ഇതിലൂടെ ലഭിക്കുന്ന പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉപയോഗിക്കുവാനും കഴിയും.
4, പല സ്‌കൂളുകളിലും ഇപ്പോള്‍ കൃഷി ചെയ്യുന്നത് അധ്യാപകരാണ്. എന്നാല്‍ മൂന്ന് വെക്കേഷന്‍ കഴിഞ്ഞു വരുമ്പോള്‍ അവിടെ ഒന്നും കാണാത്ത സ്ഥിതി വിശേഷമാണ്. (പ്രതിവര്‍ഷം സ്‌കൂള്‍ പച്ചക്കറി കൃഷിക്ക് വേണ്ടി നിശ്ചിത തുക അനുവദിക്കാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത് വെള്ളത്തില്‍ വരച്ച വരപോലെയാണ്) മറിച്ച് ഇങ്ങനെ ഒരു സംവിധാനത്തിലൂടെ പദ്ധതി നടപ്പാക്കുമ്പോള്‍ അധ്യാപകരുടെ അധ്യയനം മുടങ്ങുന്നുമില്ല, സ്‌കൂളിലെ കൃഷി മെച്ചപ്പെടുകയും ചെയ്യും.
5, വലിയ ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാന്‍ കഴിയുന്ന ഓമക്ക, കോവക്ക, മുരിങ്ങ, വഴുതന, പച്ചമുളക്, കറിവേപ്പ് തുടങ്ങിയ വിളകള്‍ക്ക് മുന്‍ഗണന കൊടുത്ത് കൃഷി കൂടുതല്‍ കാര്യക്ഷമമാക്കാം.
6, മുകളില്‍ പറഞ്ഞ രീതിയില്‍ സ്‌കൂളുകളിലെ കൃഷിത്തോട്ടം കാര്യക്ഷമമാകുന്നതുവരെ വിഷപ്പച്ചക്കറി ഒഴിവാക്കാന്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതികൂടി മുന്നോട്ട്‌വെയ്ക്കുകയാണ്. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലും കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തതുമായ സ്‌കൂളുകളിലും പി.ടി.എയുടെ സഹായത്തോടെ വ്യാപകമായോ അല്ലാതായോ കൃഷി ചെയ്യുന്ന കുട്ടികളുടെയും അധ്യാപകരുടേയും വീടുകളില്‍നിന്നും പച്ചക്കറി ഉള്‍പ്പെടെയുള്ള നാടന്‍ കാര്‍ഷിക വിഭവങ്ങളായ ചേമ്പ്, ചേന, കാച്ചില്‍, കായ് വര്‍ഗങ്ങള്‍, കപ്പക്ക തുടങ്ങിയവ സംഭാവനയായി (വീട്ടില്‍ അധികം വരുന്നവ) സമയം പോലെ സ്‌കൂളില്‍ എത്തിക്കാന്‍ പറഞ്ഞാല്‍ കുട്ടികളും അധ്യാപകരും അത് ആഘോഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം ഒന്നായി ഒറ്റക്കെട്ടായി അണിചേരണം.