X

ഗോള്‍ഡന്‍ ലിയോ

 

ലണ്ടന്‍: ലിയോ മെസിയുടെ ആത്മമിത്രം ആരാണ്…? ബാര്‍സയിലാണെങ്കില്‍ അത് ലൂയിസ് സുവാരസ് എന്ന ഉറുഗ്വേക്കാരനാണ്. രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി തന്നെ ഉദാഹരണം. ഇന്നലെ മെസിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ അസംഖ്യം പുരസ്‌ക്കാരങ്ങളിലൊന്ന് നല്‍കിയതും സുവാരസ് തന്നെ. യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത താരത്തിന് യൂറോപ്യന്‍ മാധ്യമ ലോകം സമ്മാനിക്കുന്ന ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരം നാലാം തവണയും ഏറ്റുവാങ്ങാന്‍ മെസിയെത്തിയത് ഭാര്യക്കും ഇളയ മകനുമൊപ്പം. സ്പാനിഷ് ലാലീഗയില്‍ കഴിഞ്ഞ സീസണില്‍ 37 ഗോളുകളാണ് മെസി സ്‌ക്കോര്‍ ചെയ്തത്. ബാര്‍സക്ക് പോയ സീസണില്‍ കിരീടങ്ങളൊന്നും ലഭിച്ചില്ലെങ്കിലും യൂറോപ്യന്‍ ലീഗുകളില്‍ ടോപ് സ്‌ക്കോറര്‍ പട്ടം മറ്റാര്‍ക്കുമായിരുന്നില്ല. പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണായി കളിച്ച ഡച്ച് മുന്‍നിരക്കാരന്‍ ബാസ് ദോസ്തായിരുന്നു രണ്ടാമന്‍. 34 തവണയാണ് ദോസ്ത് സ്‌പോര്‍ട്ടിംഗ് ലിസ്ബണായി നെറ്റ് ചലിപ്പിച്ചത്.2015-16 സീസണില്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരം സ്വന്തമാക്കിയ ലൂയിസ് സുവാരസില്‍ നിന്നും നാലാം തവണയും വലിയ അംഗീകാരം സ്വീകരിക്കുമ്പോള്‍ മെസി സന്തോഷവാനായിരുന്നു. സുവാരസിനെ പോലുളളവരുടെ വലിയ പിന്തുണയിലാണ് ഈ ഗോളുകള്‍ നേടാന്‍ കഴിയുന്നതെന്നും ഈ നേട്ടം ടീമിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്ന് വര്‍ഷമായി ബാര്‍സക്കായി കളിക്കുന്നു.
ഇത്രയധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുമെന്ന് കരുതിയതല്ല. ഒരു മുന്‍നിരക്കാരനായി അറിയപ്പെടാന്‍ ആഗ്രഹമില്ല. എന്നിട്ടും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുമ്പോള്‍ അത് വലിയ നേട്ടമാണ്. കളിക്കളത്തിലും കളത്തിന് പുറത്തുമായിട്ടാണ് ഞാന്‍ വളര്‍ന്നത്. ഓരോ കളിയും ഓരോ കാഴ്ച്ചകളും എനിക്ക് നേട്ടമാണ്. കൂടുതല്‍ കളിക്കുതോറും കൂടുതല്‍ ഫുട്‌ബോള്‍ താല്‍പ്പര്യമാണ് ഉയരുന്നത്-മെസിയുടെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ ടീമിലെ സഹതാരങ്ങളായ ആന്ദ്രെ ഇനിയസ്റ്റ, സെര്‍ജിയോ ബാസ്‌ക്കിറ്റസ് എന്നിവരെല്ലാമുണ്ടായിരുന്നു. ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരത്തില്‍ എന്നും കാണാറുള്ളത് ലാലീഗ ആധിപത്യമാണ്. മെസിയും റയല്‍ മാഡ്രിഡിലെ കൃസ്റ്റിയാനോ റൊണാള്‍ഡോയും തന്നെ ഇതിനകം എട്ട് തവണകളിലായി ഈ പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ ലാലീഗയില്‍ നിന്നുമല്ലാത്ത ഒരു താരം ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരം സ്വന്തമാക്കിയത് ലൂയിസ് സൂുവാരസായിരുന്നു. 2013-14 സീണില്‍ ലിവര്‍പൂളിനായി കളിക്കുമ്പോള്‍ 40 ഗോളുകളുമായി അദ്ദേഹം കൃസ്റ്റിയാനോക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

chandrika: