ഗ്ലാസ്‌ഗോ: റിയോ ഒളിംപിക്‌സ് ഫൈനലിനു ശേഷം ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയം കപ്പിനും ചുണ്ടിനുമിടയില്‍ ഒരിക്കല്‍ കൂടി കൈവിട്ടു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു പൊരുതിത്തോറ്റത്.
സ്‌കോര്‍ 19-21, 22-20, 20-22. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ലീഡ് സമ്പാദിച്ച ശേഷം പിന്നീട് ജപ്പാനീസ് താരത്തിന്റെ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു ഒടുവില്‍ കീഴടങ്ങുകയായിരുന്നു. 11-8 എന്ന നിലയില്‍ ലീഡ് നേടി പിന്നീട് ഒകുഹാര 13-12 എന്ന നിലയില്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. അവസാനത്തില്‍ 19-19 എന്ന നിലയില്‍ സമനിലയില്‍ എത്തിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടു പോയിന്റുകള്‍ നേടി ഒകുഹാര ഗെയിം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പൊരുതി ഒകുഹാരയെ സിന്ധു 22-20 എന്ന നിലയില്‍ അടിയറവ് പറയിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സിന്ധു വിജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ച ശേഷം വിജയം ഒകുഹാരയ്ക്ക് വഴിമാറി. ഒരുഘട്ടത്തില്‍ 19-17 എന്ന രീതിയില്‍ ലീഡ് നേടിയ സിന്ധുവിനെതിരെ പിന്നീട് ശക്തായ തിരിച്ചുവരവാണ് ഒകുഹാര നടത്തിയത്. 20-20ന് സിന്ധു ഒകുഹാരയ്‌ക്കൊപ്പമെത്തിയെങ്കിലും തുടര്‍ച്ചയായി രണ്ടു പോയിന്റുകളുമായി ജപ്പാനീസ് താരം ഗെയിമും ഒപ്പം ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.
അവസാന പോയിന്റിനായി 73 ഷോട്ടുകളുടെ റാലിയാണ് ഒകുഹാര സിന്ധുവിനെതിരെ നടത്തിയത്. ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന സിന്ധു തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ഗ്ലാസ്‌ഗോയില്‍ കാഴ്ചവെച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ സെമി ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കിയ സിന്ധു മണിക്കൂറുകള്‍ പിന്നിടുമ്പേഴേക്കുമാണ് ഫൈനല്‍ മത്സരത്തിനിറങ്ങിയത് റിയോ ഒളിംപിക്‌സിന്റെ സെമിയില്‍ തന്നെ തോല്‍പിച്ച സിന്ധുവിനോടുള്ള മധുര പ്രതികാരം കൂടിയായി നൊസോമിക്ക് ഈ വിജയം.
ലോക റാങ്കിങില്‍ പത്താം സ്ഥാനത്തുള്ള ഒകുഹാരയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. സിന്ധു വെള്ളിമെഡല്‍ നേടിയ റിയോ ഒളിംപിക്‌സില്‍ ഒകുഹാരയ്ക്കായിരുന്നു വെങ്കലം.
2013ലും 2014ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ സിന്ധുവിന്റെ മൂന്നാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാള്‍ വെങ്കല മെഡലും നേടിയതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.