നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവോണത്തിന് മുമ്പുള്ള നാലു ദിവസങ്ങളിലായി പിടിച്ചത് 8.096 കിലോഗ്രാം സ്വര്‍ണ്ണം. ഇതിന് വിപണിയില്‍ 384 ലക്ഷം രൂപ വിലയുണ്ട്. 9 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എല്ലാവരും ഗള്‍ഫ് മേഖലയില്‍ നിന്നും വന്നവരാണ്. സമീപകാലങ്ങളില്‍ ഇത്രയധികം സ്വര്‍ണം പിടിക്കുന്നത് ആദ്യമായാണ്.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഓരോ യാത്രക്കാരനും സ്വര്‍ണ്ണം കൊണ്ടുവന്നതെന്ന പ്രത്യേകതയുണ്ട്. ഇതുവരെ കാണാത്ത രീതികള്‍ സ്വര്‍ണക്കള്ളക്കടത്തിന് പരീക്ഷിച്ചിട്ടുണ്ട്. മിക്‌സിയുടെ അകത്തുള്ള മോട്ടോറിന്റെ കോയില്‍ സ്വര്‍ണ്ണ കമ്പികള്‍ കൊണ്ട് വൈന്‍ഡ് ചെയ്തതാണ് പുതിയ തന്ത്രം. ഏറെ വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് മോട്ടോറിനകത്തുള്ള ചെമ്പുകമ്പികള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. സ്വര്‍ണ്ണ കുഴമ്പ് പ്രത്യേക കവറുകളിലാക്കി കാല്‍വെള്ളയില്‍ ഒട്ടിച്ച് അതിനുമുകളില്‍ സോക്‌സും ഷൂസുമിട്ട് യാത്രക്കാരനും ഇവിടെ പിടിയിലായി.അടിവസ്ത്രത്തിന്റെ മുകള്‍ഭാഗത്ത് പ്രത്യേക അറകള്‍ രണ്ട് അടുക്കുകള്‍ ആയി തയ്ച്ചു പിടിപ്പിച്ച് അതിനകത്ത് സ്വര്‍ണ്ണ മിശ്രിതം നിറച്ചു കൊണ്ടുവന്ന കള്ളക്കടുത്തും പിടിക്കുയുണ്ടായി.
അന്താരാഷ്ട്ര സര്‍വീസ് ആയി കൊച്ചിയില്‍ വന്ന ഫ്‌ളൈറ്റ് ഇവിടെനിന്നും ഹൈദരാബാദിലേക്ക് ആഭ്യന്തര സര്‍വീസ് ആയി പോകുമ്പോള്‍ അതുവഴി നടത്താന്‍ ശ്രമിച്ച സ്വര്‍ണക്കള്ളക്കടുത്തും പിടിക്കുകയുണ്ടായി. വിദേശത്ത് നിന്നു വന്ന യാത്രക്കാരന്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം താനിരുന്ന ഒരു വശത്തുള്ള പാളിയുടെ ഇടയില്‍ വെച്ച് ഇറങ്ങിപ്പോയി. ഇതേ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും യാത്രക്കാരനായി കയറിയ ആള്‍ ഈ സീറ്റില്‍ ഇടുന്ന പാളിയുടെ ഇടയില്‍ വച്ചിരുന്ന സ്വര്‍ണ്ണം എടുത്ത് രഹസ്യമായി ബാഗിലേക്ക് വെക്കുകയായിരുന്നു. ഇത് കണ്ട് വിമാനത്തിലെ സുരക്ഷ ജീവനക്കാര്‍ വിവരം കസ്റ്റം ഉദ്യോഗസ്ഥന്മാരെ അറിയിച്ചു അവര്‍ വിമാനത്തിനകത്ത് വന്ന് യാത്രക്കാരനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം കണ്ടെടുക്കാന്‍ കഴിഞ്ഞു. ഈ വിധത്തില്‍ നടത്തുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കൊച്ചിയില്‍ പിടിക്കുന്നത് ആദ്യമായാണ്. ഇത്തരം വിമാനങ്ങളുടെ ശുചി മുറിയിലും സീറ്റിനടിയിലും ആളില്ലാതെ നിരവധിതവണ സ്വര്‍ണം പലപ്പോഴും കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്തിനകത്ത് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചു വയ്ക്കുന്ന സ്വര്‍ണം കൊച്ചിയില്‍ നിന്നും കയറുന്ന ആഭ്യന്തരയാത്രക്കാരന് എടുത്തുകൊണ്ടു പോകാന്‍ പ്രയാസമില്ല. ഇയാള്‍ ആഭ്യന്തരയാത്രക്കാരനായതിനാല്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി യാതൊരു പരിശോധനയും കൂടാതെ ഇറക്കി പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയും. ഇതിന് പിന്നില്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒത്താശയുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നു.സ്വര്‍ണ്ണ മിശ്രിതം ക്യാപ്‌സൂളുകളില്‍ ആക്കി ശരീരത്തില്‍ മലദ്വാരത്തിലും മറ്റും ഒളിപ്പിച്ച് കൊണ്ടുവരുന്ന രീതിയാണ് സര്‍വസാധാരണമായിട്ടുള്ളത്.