അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ (പവന് 50,400 രൂപ) വരെ സമീപഭാവിയിൽ തന്നെ ആകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.
സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയായിരുന്നു 2020-ൽ സ്വർണവിലയിൽ കുതിപ്പുണ്ടാകാനുള്ള കാരണം. കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ഗ്രാമിന് 56,191 എന്ന റെക്കോർഡ് വിലയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആഗോളതലത്തിൽ പലിശനിരക്ക് കുറച്ചതും 2019 മുതൽക്ക് പല അന്താരാഷ്ട്ര നാണയങ്ങളും സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചതും സ്വർണവില കൂടാനിയാക്കി.
‘2020 തുടക്കത്തിൽ രാജ്യത്ത് സ്വർണവില പവന് 31,280 ആയിരുന്നു. കോവിഡ് രാജ്യത്തെത്തിയപ്പോൾ ഇത് 30,720-ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. പവന് 44,953 വരെ ഉയർന്ന ഘട്ടമുണ്ടായി. ആളുകൾ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങുന്നത് തുടർന്നതോടെ ഈ നില തുടരുകയായിരുന്നു…’
റിസ്‌ക് മാനേജ്‌മെന്റ് സർവീസ് കമ്പനിയായ കോംട്രെൻഡ്‌സ് സി.ഇ.ഒ ഗ്യാനശേഷകർ ത്യാഗരാജൻ പറയുന്നു. കോവിഡിന് വാക്‌സിൻ കണ്ടെത്തുകയും ആഗോള സാമ്പത്തികനില കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പതുക്കെ മടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും വില താഴാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അമേരിക്കയിൽ പുതിയ പ്രസിഡണ്ട് ജോ ബിഡന് സെനറ്റിൽ മികച്ച ഭൂരിപക്ഷമില്ലാത്തത് സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ആഗോള മാർക്കറ്റിൽ ഡോളറിനെ ക്ഷീണിപ്പിക്കും. – ത്യാഗരാജൻ പറയുന്നു.
2021-ൽ ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ആവശ്യക്കാരേറുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം കുറവായിരുന്നെങ്കിൽ 2021-ൽ ഇതിൽ മാറ്റമുണ്ടാകും. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇപ്പോഴുള്ള സ്ഥിതി നിലനിർത്തിയാലും 2021-ൽ പവന് 50,000 കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. ഡോളർ കരുത്താർജിക്കുകയും അതേസമയം രൂപ ദുർബലമാവുകയും ചെയ്താലും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഇത് വില താഴാതിരിക്കാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.