തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ബസിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിര്‍ണായക തെളിവായത്. മൂന്നു കാറുകളിലായി എത്തിയ പത്തംഗ സംഘമാണ് സ്വര്‍ണ കവര്‍ച്ചനടത്തിയത്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചശേഷം രണ്ടരക്കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. ഇന്നലെ രാവിലെ 11.15 ന് ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂരില്‍ നിന്ന് പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് സംഘം കവര്‍ന്നത്. കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ശേഷം ഇരുവരെയും കാറില്‍നിന്ന് പുറത്താക്കി സ്വര്‍ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു.
സ്വര്‍ണം തട്ടിയെടുത്തതിന് പിന്നാലെ റോജിയെ പുത്തൂരിലും, അരുണിനെ പാലിയേക്കര ടോളിന് സമീപവും ഇറക്കിവിട്ടു. തുടര്‍ന്ന് കാറുമായി കടന്നു കളഞ്ഞ പ്രതികള്‍ വാഹനം വഴിയില്‍ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആലപ്പുഴ സ്ലാങ്ങിലാണ് പ്രതികള്‍ സംസാരിച്ചതെന്ന് അരുണ്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.