തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതരുടെ പങ്ക് തെളിഞ്ഞുകൊണ്ടിരിക്കെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുമെന്ന ഭയമാണ് സിഎം രവീന്ദ്രന്റെ അവസാനിക്കാത്ത ദേഹാസ്വാസ്ഥ്യത്തിന് കാരണം.
നേരത്തെ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് കൊടുത്തപ്പോള്‍ കോവിഡാണെന്ന കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു. പിന്നീട് പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ദേഹാസ്വാസ്ഥ്യം കാരണമായി പറഞ്ഞ് പിന്‍മാറുകയായിരുന്നു.
അതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു സ്പീക്കറും നേരിടാത്ത ആരോപണമാണ് ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇടതു മുന്നണിയോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.