X
    Categories: keralaNews

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെത്ത കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 24 മണിക്കൂറോളം നീണ്ട നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നുമാണ് കസ്റ്റംസ് വിശദീകരണം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഫൈസലിനെ വീട്ടിലെത്തി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം എംഡിയായ കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും പരിശോധന നടന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് നായരുടെ ഭാര്യയുടേയും സ്വപ്ന സുരേഷിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കാരാട്ട് ഫൈസല്‍. ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ പരിശോധന പൂര്‍ത്തിയായ ശേഷം ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് വിവരം. എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: