X

സ്വര്‍ണക്കടത്ത്; ഒമ്പതു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി. കേസിലെ ഒമ്പത് പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതിവകുപ്പ് അനുമതി നല്‍കി. നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിലാണ് എറണാകുളം എസിജെഎം കോടതിയുടെ നടപടി.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.

അതേസമയം സ്വപ്നയെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യവും അനുവദിച്ചു. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. ജാമ്യം ലംഭിച്ചെങ്കിലും എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

 

web desk 1: