X

സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്; ഇതിലും ജലീലിനെ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്. കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും അന്വേഷണവിധേയമാകും.

മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്‌സലില്‍ സ്വര്‍ണം കടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയെയും മന്ത്രി കെ.ടി ജലിലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് പുതിയ കേസെടുത്ത് കെ.ടി ജലിലീനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മാര്‍ച്ച് നാലിന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ എത്തിച്ച മതഗ്രന്ഥങ്ങള്‍ ചട്ടവിരുദ്ധമായി സംസ്ഥാനത്ത് വിതരണം ചെയ്തതിലാണ് കസ്റ്റംസ് കേസെടുത്തത്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അവരുടെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിമാത്രമേ മതഗ്രന്ഥങ്ങള്‍ വിദേശത്ത് നിന്ന് എത്തിക്കാനാവൂ.

വന്‍തോതില്‍ ഇത് എത്തിച്ച് നയതന്ത്രനിയമങ്ങള്‍ക്ക് വിരുദ്ധമായി വിതരണം ചെയ്തുവെന്നാണ് കേസ്. കേസില്‍ മന്ത്രി കെ.ടി ജലീലിനെയും ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍േദശപ്രകാരമാണോ എന്ന് അന്വേഷിക്കും. ഇത് വിതരണം ചെയ്തത് എവിടെയൊക്കെയെന്നും ഇതിലെ ജലീലിന്റെ പങ്കും അന്വേഷണവിധേയയമാകും. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് കോണ്‍സുലേറ്റില്‍ എത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് എന്നതിനാല്‍ പുതിയ അന്വേഷണം ജലീലിന് കുരുക്കാകാനാണ് സാധ്യത.

സിആപ്റ്റിന്റെ വാഹത്തിന്റെ ജിപിഎസ് ഇടയ്ക്ക് വച്ച് പ്രവര്‍ത്തിക്കാതായതും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് എവിടെയൊക്കെ എന്ന കൃത്യമായ വിവരമില്ലാത്തതും പരിശോധിക്കും. വിശുദ്ധ ഖുര്‍ആന്‍ എന്ന് രേഖപ്പെടുത്തി എത്തിയ നയതന്ത്ര പാഴ്‌സല്‍ 4479 കിലോ തൂക്കമുള്ളതായിരുന്നു. 250 പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 567 ഗ്രാമാണെന്ന് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് 7750 മതഗ്രന്ഥങ്ങളാണ് കാണേണ്ടത്. ഇതും പരിശോധിച്ചേക്കും.

 

web desk 1: