തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.
സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തില്‍ ഇനി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും അഭിഭാഷകന്‍ ബിജു അടക്കം ഇടനിലക്കാരും സ്വര്‍ണം വാങ്ങിയവരും പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇനി സി.ബി.ഐ നടത്തും. വി രാധാകൃണനും അഭിഭാഷകന്‍ ബിജുവും എക്‌സറേ മേഖല വഴി പരിശോധന ഇല്ലാതെ സ്വര്‍ണവുമായി കടക്കുന്ന സിസി ടിവി ദൃശ്യങ്ങളും സി.ബി.ഐ പിടിച്ചെടുത്തു.
തിരുവനന്തപുരം സ്വദേശികളായ സെറീന സുനില്‍ എന്നിവര്‍ ചേര്‍ന്ന് 8 കോടിയുടെ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തായി. വിവിധ ഘട്ടങ്ങളിലായി 100 കോടിയിലധികം രൂപയുടെ സ്വര്‍ണം ഈ സംഘം കടത്തിയതായാണ് റവന്യൂഇന്റലിജന്‍സ് കണ്ടെത്തിയത്. സുനിലും സെറീനയും പ്രകാശന്‍ തമ്പിയും അടക്കം 5 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.