X

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ ഹവാല ഇടപാട് വരെയുള്ള സംഭവങ്ങളില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാത്തിന്റേയും ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
അഴിമതിയില്‍ പങ്കാളിയാവുകയും ഒടുവില്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുകയും ചെയ്യുക എന്നത് പിണറായിയുടെ പതിവാണ്. ലാവ്ലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് ജനങ്ങള്‍ കരുതിയത്. പക്ഷെ, സ്വയം ന്യായീകരിക്കാന്‍ ക്യാപ്സ്യൂള്‍ പോരാതെ വന്നതിനാല്‍ 21 മിനിട്ട് പ്രസംഗം വായിക്കുകയാണ് അദ്ദേഹം ചെയ്തത്.
ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചാം പ്രതിയാവുകയും ചെയ്തപ്പോള്‍ എല്ലാം ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി ചെയ്തതാണെന്നും സര്‍ക്കാരിന് ധാര്‍മികമായ ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി പറയുന്നത് ജനം വിശ്വസിക്കില്ല. 21 സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധിപനായ ശിവശങ്കറിന്റെ കയ്യിലായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ കടിഞ്ഞാണെന്ന് അന്വേഷണ സംഘം പറയുമ്പോള്‍ ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തികളില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ അഴിമതികളിലും മന്ത്രിസഭയെയും മുന്നണിയെയും പാര്‍ട്ടിയെയും ഇരുട്ടത്ത് നിര്‍ത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ നടന്നതെല്ലാം വ്യക്തിപരമായ കാര്യമെന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല. നാലര വര്‍ഷത്തിനിടെ പുറത്തുവന്ന സ്പ്രിന്‍ക്ലര്‍ മുതല്‍ പമ്പാ മണല്‍ കടത്ത്, ബെവ് ക്യൂ ആപ്പ്, ലൈഫ് മിഷന്‍, ഇ മൊബിലിറ്റി പദ്ധതി, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ തുടങ്ങിയ അഴിമതികളിലെല്ലാം ശിവശങ്കറെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറയാനാവില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി കത്തെഴുതിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ എപ്പോഴാണ് അവരുടെ പിടിയിലാവുക എന്ന നെഞ്ചിടിപ്പോടെ നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

web desk 1: