കരിപ്പൂർ ∙ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 3 കോടി രൂപയുടെ 5 കിലോഗ്രാം സ്വർണവുമായി 6 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. ഡിആർഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നായിരുന്നു സ്വർണവേട്ട.
മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹബിൽനിന്ന് (24) 1.064 കിലോഗ്രാം, വയനാട് മേപ്പാടി സ്വദേശി യൂനസ് അലിയിൽ (34) നിന്ന് 1.059 കിലോഗ്രാം, കാസർകോട് മുലിയടുക്കം സ്വദേശി അബ്ദുൽ ഖാദറിൽ(22) നിന്ന് 851 ഗ്രാം, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈലിൽ (24) നിന്ന് 481 ഗ്രാം വീതം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. എല്ലാം കാപ്സ്യൂൾ രൂപത്തിലായിരുന്നു. ഇവർക്കു പുറമേ, ഷാർജയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശികളായ കേറ്റിണ്ടകയിൽ ജംഷീറിൽ (25)നിന്ന് 1.058 കിലോഗ്രാം, അമ്പായപ്പറമ്പിൽ ഷൈബുനീറിൽ (39) നിന്ന് 1.163 കിലോഗ്രാം വീതം സ്വർണമിശ്രിതവും കണ്ടെടുത്തു. ഇവയിൽ നിന്നെല്ലാം സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസും ഡിആർഐയും അറിയിച്ചു.