കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 23 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍ഗോഡ് കുടുലു സ്വദേശിയായ അബ്ദുല്‍ ബിലാലില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന 491 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടിച്ചെടുത്തത്. 491 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സുളുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത 30000 രൂപക്ക് വേണ്ടിയാണ് ബിലാല്‍ ഈ സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്ന് ഉദ്യോഗസ്ഥരോട് മൊഴിനല്‍കി. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണം വേര്‍തിരിച്ചെടുത്തതിനുശേഷം കസ്റ്റംസ് തുടര്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.