X

ജലീലിനെതിരെ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ജലീല്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ഇന്നലെ രാത്രി ആദ്യം സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും പിന്നീട് ലാത്തിചാര്‍ജും നടത്തി. പിന്നാലെ മാര്‍ച്ചുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് ലാത്തി വിശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കെ.ടി ജലീന്റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് ഇന്നലെ രാത്രി പത്തുമണിയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വീടിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോഴിക്കോട് തൃശൂര്‍ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തി വീശി.

എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ ഓഫീസിന്റെ കവാടത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്റെ കോലം കത്തിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രിയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ കെ.എസ്.യു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറെ നേരെ റോഡ് ഉപരോധിക്കുകയും ചെയ്തു.

മലപ്പുറത്ത് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി ജലീലിന്റെ കോലം കത്തിച്ചു.

 

web desk 1: