കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,880 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നലെ വന്‍ ഇടിവ് ഉണ്ടായിരുന്നു. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍ 3,120 രൂപയുടെ കുറവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞ് ഔണ്‍സിന് 1958.10 ഡോളറിലാണ് വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞ് വില 39,440 രൂപയായിരുന്നു വില . ഒരു ഗ്രാമിന് 4,930 രൂപയായിരുന്നു വില. രണ്ടു ദിവസം കൊണ്ട് പവന് 1,360 രൂപയാണ് കുറഞ്ഞത്.
ആഗസ്റ്റ് 12,17 തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഇതിന് മുമ്പ് ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് ആഗസ്റ്റ് 7 ന് സ്വര്‍ണ വിലയിലുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ആഗസ്റ്റ് ഏഴു മുതല്‍ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്.
എന്നാല്‍, അമേരിക്കന്‍ ഫെഡ് റിസര്‍വ് മീറ്റിങില്‍ മറ്റ് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്ന് സൂചനകളാണ് താല്‍ക്കാലിക വില ഇടിവിലേയ്ക്ക് നയിച്ചത്. കൂടാതെ പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും വില ഇടിവിന് കാരണമായി.
എന്നാല്‍ ഇതുതുടരില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം, വെള്ളി വിലയും കുറഞ്ഞു. 1 ഗ്രാം വെള്ളിയ്ക്ക് 68. 11 രൂപയാണ് വില. എട്ടുഗ്രാമിന് 544.88 രൂപയും. കിലോഗ്രാമിന് 68,110 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 6,810 രൂപയായി വില കുറഞ്ഞിരുന്നു.