കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇടിയുമെന്ന് വിദഗ്ധര്‍. കോവിഡ് പ്രതിസന്ധി പൂര്‍ണമായും പോയിട്ടില്ലെങ്കിലും സ്വര്‍ണവില വരും ദിവസങ്ങളില്‍ താഴേക്ക് പോവുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. വാക്‌സിന്‍ പരീക്ഷണം വിജയിച്ചതോടെ സ്വര്‍ണത്തിലുള്ള രാജ്യാന്തര നിക്ഷേപം ഇനിയും കുറയാനാണ് സാധ്യത. നിലവില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരെക്കാള്‍ ഇരട്ടി ആളുകളാണ് പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നത്.
അതിനിടെ സംസ്ഥാനത്ത് സ്വര്‍ണം രണ്ടു വിലകളില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. അനധികൃതസ്വര്‍ണ ഇടപാടുകള്‍ നടത്തുന്നവര്‍ക്കേ വിലകുറച്ചു വില്‍ക്കാനാകൂ എന്നാണ് ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നത്. ഭീമ ചെയര്‍മാനായ ഡോ. ബി. ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കാലങ്ങളായി സ്വര്‍ണവില നിശ്ചയിക്കുന്നത്. ലണ്ടന്‍, മുംബൈ വിപണികളുടേയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്വര്‍ണവില നിര്‍ണയം. ഇതുപ്രകാരം 4730 രൂപയാണ് അവര്‍ കഴിഞ്ഞ ദിവസം ഗ്രാമിന് നിശ്ചയിച്ച വില. എന്നാല്‍ ജസ്റ്റിന്‍ പാലത്രയുടെ നേതൃത്വത്തിലുള്ള മറുവിഭാഗം ഈ വില അംഗീകരിച്ചില്ല. പകരം വിലകുറച്ചുവില്‍ക്കാന്‍ തീരുമാനിച്ചു. 4650 രൂപയാണ് ഇവര്‍ ഗ്രാമിന് നിശ്ചയിച്ചത്. കുറഞ്ഞ തുകയ്ക്ക് വില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന സ്വര്‍ണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.