കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണം വീണ്ടും തിരിച്ചു കയറുമ്പോള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? അടുത്തിടെയായി വ്യാപാരമേഖലയില്‍ നിന്ന് ഉയരുന്ന ചോദ്യം ഇതാണ്. പവന് 120 രൂപ വര്‍ധിച്ച് 37,920 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 4740 രൂപയാണ് ഗ്രാമിന് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 10ന് പവന് വില 37,920 തന്നെയായിരുന്നു. പിന്നീട് 120 രൂപ കൂറഞ്ഞ് 37,800 രൂപക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപാരം നടന്നിരുന്നത്. ഇന്ന് വീണ്ടും വില തിരിച്ചു കയറുകയായിരുന്നു.
വീണ്ടും സ്വര്‍ണവില ഉയര്‍ന്നുപോവുമോ എന്ന ആശങ്ക ഉപഭോക്താക്കളില്‍ ശക്തമാണ്. വിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ളവര്‍ക്കാണ് ഈ ആശങ്ക കൂടുതല്‍. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ ലോകം മറികടന്നു തുടങ്ങിയതിനാല്‍ വലിയ വിലക്കയറ്റം ഇനിയുണ്ടാവില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. മാത്രവുമല്ല കോവിഡ് പ്രതിസന്ധി മറികടന്ന് വിപണി സ്ഥിരത കൈവരിക്കുന്നതോടെ വില ഇനിയും കുറയുമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ വിപണി സ്ഥിരത കൈവരിക്കാത്തതുകൊണ്ടാണ് വിലയില്‍ ചാഞ്ചാട്ടമുണ്ടാവുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കഴിഞ്ഞ മാസം സ്വര്‍ണവില കുതിച്ചു കയറിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ്-ചൈന പോര് മുറുകിയതും വിപണിയില്‍ പ്രതിഫലിച്ചു. എന്നാല്‍ കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ വലിയ പുരോഗതിയുണ്ടായതോടെ വിപണിയിലും അത് പ്രതിഫലിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഗള്‍ഫ് മേഖലയിലെ അടക്കമുള്ള വികസിത രാജ്യങ്ങള്‍ പുതിയ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതും സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.