X

മരുന്നുകള്‍ക്ക് പൊന്നുവില

വിപണിയിലെ മാറ്റത്തിനനുസരിച്ച് അവശ്യമരുന്നുകളുടെ വിലയിലുണ്ടാവുന്ന വര്‍ധന നിത്യരോഗികള്‍ക്ക് ദുരിതമാവുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്. ഇതോടെ നിത്യരോഗികളാണ് ദുരിതത്തിലായത്. മാസം വലിയൊരു സംഖ്യ മരുന്നിനത്തില്‍ അധികമായി കണ്ടെത്തേണ്ടിവരും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വില 20 ശതമാനം വരെ കൂടിയിട്ടുണ്ട്. കുപ്പിമരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവക്കും വില 40 ശതമാനം വരെ കൂടി. ചികിത്സാ ഉപകരണങ്ങളില്‍ 10 മുതല്‍ 60 ശതമാനം വരെയാണ് വര്‍ധന. വിലനിയന്ത്രണത്തില്‍ നിന്ന് ഈയിടെ പുറത്തായ 19 ഇന അവശ്യമരുന്നുകള്‍ക്ക് ഇപ്പോള്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്. വാര്‍ഷിക മൊത്ത വില സൂചികയുടെ മാറ്റത്തിനനുസരിച്ച് വില കൂട്ടാന്‍ മരുന്നുകമ്പനികള്‍ക്ക് നല്‍കിയ അനുമതിയും വിലക്കയറ്റത്തിന് കാരണമായി.

കോവിഡ് പ്രതിസന്ധി കാരണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ കുറവും വിലയില്‍ വര്‍ധനവും ഉണ്ടായെന്നാണ് ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഐ.ഡി.എം.എ) വിശദീകരിക്കുന്നത്. ഇവരുടെ കണക്കനുസരിച്ച് വിവിധ അസംസ്‌കൃത വസ്തുക്കള്‍ക്ക് 13 മുതല്‍ 130 ശതമാനം വരെ വിലകൂടിയിട്ടുണ്ട്. മരുന്നുനിര്‍മാണ സാമഗ്രികള്‍ക്ക് 18 മുതല്‍ 262 ശതമാനം വരെ വിലക്കയറ്റമുണ്ടായി. ഇതനുസരിച്ച് പാരസെറ്റാമോള്‍ അടക്കമുള്ള അടിസ്ഥാന മരുന്നുകള്‍ക്കുവരെ ഇരട്ടിയിലധികം വില കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുനിര്‍മാണത്തിനുള്ള ഗ്ലിസറിന്‍, പ്രോപ്പൈലിന്‍ ഗ്ലൈസോള്‍, സോള്‍വെറ്റ് തുടങ്ങിയവയുടെ വില വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി. പെന്‍സിലിന്‍ മരുന്നുകളുടെ വിലയില്‍ ഇരട്ടിയോളമാണ് വിലക്കയറ്റം.

നേരത്തെ ചില അവശ്യമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുറച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, കോവിഡ്, ക്ഷയം, പ്രമേഹം, എച്ച്.ഐ.വി തുടങ്ങിയവക്കുള്ള മരുന്നിന്റെ വില 20 ശതമാനം മുതല്‍ 70 ശതമാനം വരെ കുറച്ചിരുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ രൂപമാറ്റം നടത്തി വിലക്കുറവിനെ ചെറുത്തതിനാല്‍ പലര്‍ക്കും ആ ഗുണം ലഭിച്ചിരുന്നില്ല. വിലനിയന്ത്രണം നീക്കിയതോടെ പല കമ്പനികളും മരുന്നുകളുടെ വില 40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസംസ്‌കൃത വസ്തുക്കളുടെ പേരില്‍ അടിക്കടി വില ഉയര്‍ത്തുന്നത്. മരുന്നിന്റെ വിലക്കയറ്റം മൂലം സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ എസ്റ്റിമേറ്റില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്.

 

Test User: