റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്.
മാര്‍ച്ച് 20ന് 66,480 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വില പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവുകള്‍ രേഖപ്പെടുത്തി പ്രതീക്ഷ നല്‍കിയിരുന്നു. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.