കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണം വില്‍പന നടന്നത് മൂന്ന് വ്യത്യസ്ത വിലകളില്‍. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളില്‍ വില്‍പന നടന്നു.
ബി. ഗോവിന്ദന്‍ പ്രസിഡന്റും കെ. സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷനാണ്(എകെജിഎസ്എംഎ) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്. വര്‍ഷങ്ങളായി വില നിര്‍ണയാധികാരം ഇവര്‍ക്കാണ്. എകെജിഎസ്എംഎ നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. എന്നാല്‍ ഇവര്‍ തന്നെയാണ് മലപ്പുറത്തെയും തൃശൂരിലെയും വില പവന് 37,200, ഗ്രാമിന് 4,630 എന്ന നിരക്കില്‍ മാറ്റി നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികള്‍ ഈ നിരക്കിലാണ് വില്‍പന നടത്തിയത്. അതേസമയം തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെജിഎസ്ടിഎ എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി.
സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കുന്നത്. അതേസമയം, ബോര്‍ഡ് റേറ്റിനേക്കാള്‍ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എകെജിഎസ്എംഎ വ്യാപാരികള്‍ സ്വര്‍ണം വിറ്റത്.
കെജിഎസ്ഡിഎയിലെ അംഗങ്ങളാകട്ടെ, പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്.കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ലാഭത്തില്‍ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലക്ക് വില്‍ക്കുന്നതെന്ന് ജസ്റ്റിന്‍ പാലത്തറ പറഞ്ഞു. വില്‍പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി.