സ്വര്‍ണവില ഉയര്‍ന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ചെറുകിട ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ വര്‍ധന. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ മിക്ക ബാങ്കുകളുടെയും സ്വര്‍ണ പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു
സെപ്തംബര്‍ അഞ്ച് വരെയുള്ള കണക്കെടുത്താല്‍ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ കേരളത്തിലെ ശാഖകള്‍ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വര്‍ണപ്പണയ വായ്പയായി നല്‍കിയിട്ടുള്ളത്. 2019 ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ 60 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ ബാങ്കിന്റെ കാര്‍ഷിക സ്വര്‍ണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വര്‍ധന കാര്‍ഷിക സ്വര്‍ണ വായ്പാ വിതരണത്തില്‍ രേഖപ്പെടുത്തി.
ഫെഡറല്‍ ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലു മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളര്‍ച്ചയിലും വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു.
സ്വര്‍ണപ്പണയ വായ്പാ വിതരണത്തില്‍ 46 ശതമാനം വാര്‍ഷിക വര്‍ധന മാര്‍ച്ച്-സെപ്തംബര്‍ കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കും അറിയിച്ചു. 2020 മാര്‍ച്ച് 24 മുതല്‍ സെപ്തംബര്‍ ഏഴു വരെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വിതരണം ചെയ്ത വായ്പകൡ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വര്‍ധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കള്‍ക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവില്‍ സ്വര്‍ണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി.
സ്വര്‍ണ പോര്‍ട്ട്‌ഫോളിയോ ശക്തമാക്കി ബാങ്കുകള്‍
നേരത്തെ എന്‍ബിഎഫ്‌സികളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും മാത്രമാണ് സ്വര്‍ണപ്പണയ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ബാങ്കുകളും റീട്ടെയില്‍ വിഭാഗത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സ്വര്‍ണപ്പണയാ വായ്പാ പോര്‍ട്ട്‌ഫോളിയോ ശക്തമാക്കുന്നതാണ് കാണുന്നത്. വായ്പ വീണ്ടെടുക്കുന്നതില്‍ റിസ്‌ക് കുറവാണ് എന്നതാണ് ബാങ്കുകളെ സംബന്ധിചച്് സ്വര്‍ണപ്പണയ വായ്പകളുടെ മേന്മ.
വലിയ ലക്ഷ്യങ്ങളാണ് ഈ വിഭാഗത്തില്‍ ബാങ്കുകള്‍ക്കുള്ളത്. ഇതിലേക്കെത്തുന്നതിനായി കോവിഡ് കാലത്തും ആകര്‍ഷകമായ പലിശ നിരക്കുകളും ഡോര്‍സ്‌റ്റെപ്പ് വായ്പാ സൗകര്യവുമൊക്കെയാണ് ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. വായ്പ എളുപ്പമാക്കുന്നതിനായി കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഇതിനു പുറമെ ഓവര്‍ഡ്രാഫ്റ്റ് സ്വര്‍ണപ്പണയത്തിനുള്ള സൗകര്യങ്ങളും മിക്ക ബാങ്കുകളും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.