X

കോവിഡ് വാക്‌സിന്‍ വരുന്നു; സ്വര്‍ണവില ഇനിയും താഴുമെന്ന് വിദഗ്ധര്‍

കൊച്ചി: സ്വര്‍ണത്തിന് ഇനിയും വില കുറയുമോ? ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ചോദ്യമാണിത്. ഇന്നത്തെ കണക്കു പ്രകാരം കേരളത്തില്‍ പവന് 36640 രൂപയാണ്. തിങ്കളാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 4580 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയായ 37280ല്‍ നിന്ന് 640 രൂപയുടെ കുറവാണ് ഇപ്പോള്‍ മഞ്ഞ ലോഹത്തിനുള്ളത്.

ഇന്ത്യന്‍ വിപണികളിലും ഇന്ന് ഇടിവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരിയിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി.

വില ഇടിയുമോ?

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റു നിക്ഷേപങ്ങളില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായ വേളയിലാണ് സ്വര്‍ണ വില കുതിച്ചു കയറിയത്. സുസ്ഥിര നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം ആകര്‍ഷിക്കപ്പെട്ടത്. പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യമിടിവും സ്വര്‍ണത്തിന് സഹായകരമായി.

എന്നാല്‍ കോവിഡ് വാക്‌സിന് യുഎസ് അനുമതി നല്‍കിയത് സ്വര്‍ണ വിലയെ ബാധിച്ചതായി വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. ഫൈസറിന്റെയും ബയോഎന്‍ടെകിന്റെയും വാക്‌സിനുകളുടെ ആദ്യ ഷിപ്പ്‌മെന്റുകള്‍ യുഎസിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ സ്‌പോട് ഗോള്‍ഡില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ട്രോയ് ഔണ്‍സിന് ഇപ്പോള്‍ 1836.08 ഡോളറാണ് വില.

ഇതിന് പുറമേ, ദുര്‍ബലമായ ഡോളറിന് ഉത്തേജനം നല്‍കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായേക്കും. രണ്ടു ഘട്ടങ്ങളിലായി 908 ബില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജാണ് അണിയറയില്‍ ഉള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് വാക്‌സിനും യുഎസ് ഉത്തേജക പാക്കേജും വിലയെ ബാധിക്കുമെന്ന് ഒസിബിസി ബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹൊവായ് ലീ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാനത്തെ ദ്വിദിന യോഗത്തിന് ചൊവ്വാഴ്ച തുടക്കമാകും. യോഗത്തിലെ തീരുമാനങ്ങളും ആഗോള വിപണിയെ ബാധിക്കും.

കറന്‍സി മൂല്യമിടിവ്, പണപ്പെരുപ്പം എന്നിവയെ തുടര്‍ന്ന് വിലയില്‍ ഇതുവരെ 21 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചിട്ടുള്ളത്.

Test User: