ചെന്നൈ: സിബിഐയുടെ ‘സുരക്ഷിത’ കസ്റ്റഡിയില്‍ സൂക്ഷിച്ച 45 കോടി മൂല്യം വരുന്ന 103 കിലോ ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പരാതി. റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണമാണ് സിബിഐയില്‍ നിന്ന് അടിച്ചു മാറ്റിയത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈയിലെ സുരന കോര്‍പറേഷന്‍ ലിമിറ്റഡ് റെയ്ഡ് ചെയ്ത വേളയില്‍ പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണ ശേഖരത്തിലെ നൂറു കിലോയാണ് നഷ്ടപ്പെട്ടത്. സിബിഐ ലോക്കറില്‍ സീല്‍ വച്ച് സൂക്ഷിച്ച സ്വര്‍ണമാണിത്.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവിട്ടിട്ടുള്ളത്.
പ്രാദേശിക പൊലീസ് കേസ് അന്വേഷിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തു. അത് തങ്ങളുടെ അന്തസിനെ ബാധിക്കുമെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ അതു ശരിയല്ലെന്നും എല്ലാ പൊലീസുകാരെയും വിശ്വാസത്തില്‍ എടുക്കണം. സിബിഐക്ക് കൊമ്പുണ്ടെന്നും ലോക്കല്‍ പൊലീസിന് വാലേ ഉള്ളൂ എന്നു പറയുന്നതും അംഗീകരിക്കാനാകില്ല- കോടതി വ്യക്തമാക്കി.