കൊച്ചി: സ്വര്‍ണ പണയ വായ്പയില്‍ പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍ രംഗത്ത്. കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനുള്ള ശേഷിയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കാനുള്ള ആര്‍ബിഐയുടെ അനുമതിയുടേയും പിന്‍ബലത്തിലാണ് പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ മയം
കടമെടുക്കലിനു ഒരു അവസാന പോംവഴി എന്ന നിലയിലായിരുന്നു അടുത്തകാലം വരെ സ്വര്‍ണ പണയ വായ്പകളെ കണ്ടിരുന്നത്, എന്നാലിന്ന് ഡിജിറ്റലായും ലഭ്യമായി തുടങ്ങിയതോടെ സ്വര്‍ണ വായ്പകള്‍ ജനപ്രിയമായ ഒരു സ്മാര്‍ട്ട് വായ്പാ മാര്‍ഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നൂതനമായ സേവനങ്ങളൊരുക്കി കൂടുതല്‍ വായ്പക്കാരെ ആകര്‍ഷിക്കുകയാണ് ഈ രംഗത്തുള്ളവര്‍.
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം
മറ്റൊരു കാര്യം വായ്പ എടുത്തിട്ടുള്ളവരുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യ മാര്‍ഗമായും ഇത് ഉപയോഗപ്പെടുത്താനാകും. സിബില്‍ റിപ്പോര്‍ട്ടില്‍ സ്വര്‍ണ വായ്പകളും പ്രതിഫലിക്കുന്നുണ്ട് എന്നാല്‍ അത്തരം വായ്പളില്‍ സ്വര്‍ണം തന്നെ ഈടായി നല്‍കിയിട്ടുള്ളതിനാല്‍ കൃത്യമായി തിരിച്ചടച്ചാല്‍ ക്രെഡിറ്റ് സ്‌കോറിനെ മെച്ചപ്പെടുത്താനാകും. സ്വര്‍ണ വായ്പകളിലെ തിരിച്ചടവ് വീഴ്ചകള്‍ മറ്റു വായ്പകളുടെ തിരിച്ചടവ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ ഗൗരവമായി പരിഗണിക്കാറില്ല.
ബാങ്കുകള്‍ അനുയോജ്യമായ കാലാവധിയിലും നിരക്കിലുമുള്ള സ്വര്‍ണ വായ്പ ഉല്‍പ്പന്നങ്ങളൊരുക്കാന്‍ പരസ്പരം മല്‍സരിക്കുന്നതിന്റെ കാരണം ഇപ്പോള്‍ സ്വര്‍ണ വായ്പയ്ക്ക് കൈവന്നിട്ടുള്ള ഈ താല്‍പ്പര്യം തന്നെയാണ്. ബുള്ളറ്റ് പേമെന്റ്, മാസ തവണകള്‍, ഒഡി തുടങ്ങി വിവിധ സ്‌കീമുകള്‍ സ്വര്‍ണ വായ്പയ്ക്കായി ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നുണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റും അഗ്രിറൂറല്‍ വിഭാഗം കണ്‍ട്രി മേധാവിയുമായ കെ മോഹന്‍ പറഞ്ഞു.ഇതനുസരിച്ച് വായ്പാ തുക ഏതു സമയത്തും എടിഎമ്മുകള്‍ വഴിയോ, ഓണ്‍ലൈന്‍ മുഖേനയോ പിന്‍വലിക്കാം, പണയ സ്വര്‍ണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ, പിന്‍വലിച്ച പണത്തിനു മാത്രം പലിശ തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ടോപ് അപ് ലോണുകള്‍
സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയ്ക്ക് ആനുപാതികമായി നിലവിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യതയും ഉയരും. ഈ ആനുകൂല്യം ലഭിക്കാനായി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ടോപ് അപ് ലോണുകള്‍ എടുക്കാം. ഉപഭോക്താവിന്റെ റജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ബാങ്ക് അയക്കുന്ന ഒരു എസ് എം എസിന് മറുപടി അയക്കുന്നതോടെ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമുള്ള അധിക വായ്പാ തുക നേരിട്ട് ഉപഭോക്താവിന്റെ എസ്ബി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
കോവിഡ് പ്രതിസന്ധികാലത്ത് ആവശ്യക്കാര്‍ക്ക് വളരെ പെട്ടെന്നു പണം ഉറപ്പാക്കുന്ന സവിശേഷ സ്വര്‍ണപ്പണയ വായ്പകള്‍ ഐഡിബിഐ ബാങ്കുമൊരുക്കുന്നുണ്ട് എക്‌സ്പ്രസ് ഗോള്‍ഡ് ലോണ്‍ പദ്ധതിയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മിനിറ്റിനുള്ളില്‍ സ്വര്‍ണം പണയം വച്ച് തുക ഉറപ്പാക്കാം. തികച്ചും ലളിതമായ നടപടിക്രമങ്ങള്‍, ആകര്‍ഷകമായ പലിശനിരക്ക്, ഗ്രാമിന് പരമാവധി വായ്പ എന്നിവയാണ് സവിശേഷതകള്‍.ബാങ്ക് നല്‍കുന്ന ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും സൗകര്യപ്രദമാണ്. ഇതില്‍ ഉപയോഗിക്കുന്ന വായ്പത്തുകയ്ക്കു മാത്രം പലിശ നല്‍കിയാല്‍ മതി. ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്യാനും ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാനും കഴിയും.