കോഴിക്കോട്: സ്വര്‍ണ്ണത്തിന് വിപണി വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം നാലാഴ്ച്ച പിന്നിട്ടിട്ടും നടപ്പാക്കാതെ ബാങ്കുകള്‍. ആളുകളുടെ സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് സ്വര്‍ണ്ണത്തിന് 90 ശതമാനം വരെ വായ്പ നല്‍കാന്‍ റിസര്‍വ്വ് ബാാങ്ക് നിര്‍ദ്ദേശിച്ചത്. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ അവരുടെ ശാഖകള്‍ക്കും മാനേജര്‍മാര്‍ക്കും ഇതുവരെ സര്‍ക്കുലര്‍ നല്‍കിയിട്ടില്ല.
സ്വര്‍ണ്ണവിലയില്‍ വലിയ മാറ്റമുണ്ടാവുന്ന സാഹചര്യത്തില്‍ പവന്‍വിലയുടെ 90ശതമാനം തുക വായ്പ അനുവദിക്കുന്നത് തിരിച്ചടവിനെ ബാധിക്കുമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. നേരത്തെ ഇതുപോലെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ 90 ശതമാനം വായ്പ നല്‍കിയിരുന്നു. പിന്നീട് വില ഗണ്യമായി താഴ്ന്നു. പവന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ തിരിച്ചടവ് വന്നപ്പോള്‍ ഇടപാടുകാര്‍ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ തയ്യാറായില്ല. ഇങ്ങനെ നഷ്ടം വന്നപ്പോള്‍ അതത് ശാഖകളിലെ മാനേജര്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കി. ഈ ദുരനുഭവം ഉള്ളതുകൊണ്ടാണ് 90 ശതമാനം വായ്പ്പ അനുവദിക്കാത്തതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4200 രൂപ നിരക്കില്‍ മൂന്നുമാസത്തേക്ക് വായ്പ്പ നല്‍കണമെന്ന സര്‍ക്കുലര്‍ ചില ബാങ്കുകള്‍ ബ്രാഞ്ചുകള്‍ക്ക്് അയച്ചിട്ടുണ്ട്. പക്ഷേ ഇത്് പലരും നടപ്പിലാക്കുന്നില്ല. നേരത്തേയുള്ള 75 ശതമാനം പ്രകാരമുള്ള വായ്പ്പ എല്ലാ ബാങ്കുകളും നല്‍കുന്നുണ്ട്.