X

പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തുന്നു

കോഴിക്കോട് : അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തതകള്‍ മുതലെടുത്ത് ശുദ്ധീകരിച്ച സ്വര്‍ണ്ണം പ്ലാറ്റിനത്തില്‍ വലിയ തോതില്‍ മിശ്രണം നടത്തി പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ ഇറക്കുമതി ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വര്‍ണ്ണ ഇറക്കുമതിക്കാരില്‍ ചിലരും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുമാണ് നിയമത്തിലെ അവ്യക്തതയെ മുതലെടുത്ത് തട്ടിപ്പിനിറങ്ങിയിട്ടുള്ളത്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന വ്യാജേന സര്‍ണ്ണം കൊണ്ടുവരികയാണ് ചെയ്യുന്നത്. സ്വര്‍ണ്ണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. എന്നാല്‍ പ്ലാറ്റിനം ലോഹക്കൂട്ടുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 10.75 ശതമാനം നികുതി മാത്രമേ നല്‍കേണ്ടതുള്ളൂ. ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വര്‍ണ്ണം ഉള്‍പ്പെടുത്തി ബാക്കി 4 ശതമാനം മാത്രം പ്ലാറ്റിനം ചേര്‍ത്ത് ഇത് പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന നിലയില്‍ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ സ്വര്‍ണ്ണത്തിനുള്ള 15 ശതമാനം ഇറക്കുമതി നികുതിക്ക് പകരം പ്ലാറ്റിനത്തിനുള്ള 10.75 ശതമാനം നികുതി മാത്രം നല്‍കിക്കൊണ്ട് സ്വര്‍ണ്ണം ഇന്ത്യയിലേക്ക് കടത്താന്‍ കഴിയുന്നു. ഇതിലൂടെ വലിയ ലാഭമാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുന്നത്. പ്ലാറ്റിനത്തിന്റെ പേരില്‍ ഇറക്കുമതി നടത്തുന്ന സ്വര്‍ണ്ണം പിന്നീട് നേരിട്ട് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമ പ്രകാരം ഏതെങ്കിലും ലോഹക്കൂട്ടിന്റെ രണ്ട് ശതമാനത്തിന് മുകളില്‍ അമൂല്യ ലോഹമായ പ്ലാറ്റിനം അടങ്ങിയാല്‍ അത് പ്ലാറ്റിനം ലോഹക്കൂട്ടായാണ് കണക്കാക്കുക.

ഇതാണ് നികുതി വെട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്. ഇറക്കുമതി ചട്ടത്തിലെ ഈ അവ്യക്തത മാറ്റി പ്ലാറ്റിനം ലോഹക്കൂട്ട് എന്ന പേരില്‍ സ്വര്‍ണ്ണം കടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയെന്നത് മാത്രമാണ് ലോഹക്കൂട്ടുകളുടെ പേരില്‍ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മാര്‍ഗമെന്ന് ജ്വല്ലറി വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയത് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിലുടെ സര്‍ക്കാറിന് നഷ്ടമാകുന്നത്. വലിയൊരു മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് വലിയൊരു പരിധി വരെ തടയിടാനാകുമെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.

Test User: