X

ഒരാഴ്ചക്കിടെ നെടുമ്പാശേരിയില്‍ പിടികൂടിയത് 12.23 ലക്ഷത്തിന്റെ സ്വര്‍ണം

x
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 12.23 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 843 ഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. 30,600 രൂപ വില വരുന്ന 13.77 കിലോ ഇന്ത്യന്‍ നിര്‍മിത പുകയിലയും 30000 രൂപ വില വരുന്ന 20 കാര്‍ട്ടണ്‍ സിഗററ്റും പിടികൂടി. ഈ മാസം 9 മുതല്‍ 15 തീയതികളിലാണ് ഇവ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ 9 ന് കൊച്ചിയില്‍ നിന്ന് ദോഹക്ക് പോകാനെത്തിയ ഉത്തര്‍ പ്രദേശ് ജോണ്‍പൂര്‍ സ്വദേശിയിടെ ചെക്കിന്‍ ബാഗേജില്‍ നിന്നാണ് പുകയില പിടിച്ചെടുത്തത്.12 ന് ദോഹയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും 7.42 ലക്ഷത്തിന്റെ 233 ഗ്രാം വരുന്ന സ്വര്‍ണ കമ്പിയും, 13 ന് ദുബായില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍നിന്നും 4.81 ലക്ഷത്തിന്റെ 151 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ചെയിനുമാണ് പിടിച്ചെടുത്തത്. 14 ന് ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് സ്വദേശിയാണ് 20 കാര്‍ട്ടണ്‍ സിഗററ്റ് കടത്താന്‍ ശ്രമിച്ചത്.
ഇവക്ക് പുറമെ ബാങ്കോക്കില്‍ നിന്നും എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും 843 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണം ചേര്‍ത്ത മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രാസ പരിശോധനക്കായി കസ്റ്റംസ് ലാബിലേക്കയച്ചു.

chandrika: